പച്ചക്കറിയും മീനും  പൊള്ളുന്നു തക്കാളിക്ക് 100

Saturday 22 June 2024 1:14 AM IST

തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി മീനിനും മാംസത്തിനും പച്ചക്കറിക്കും വില കുതിച്ചുയരുന്നു.തക്കാളി വില കിലോയ്ക്ക് 100രൂപയായി.ആന്ധ്രയിലും തമിഴ്നാട്ടിലും മഴ കുറഞ്ഞതോടെ വിളവ് കുറഞ്ഞതാണ് കാരണം. ട്രോളിംഗ് നിരോധനമായതിനാൽ പച്ചക്കറിവില കൂടാറുണ്ടെങ്കിലും വരവ് കുറഞ്ഞതാണ് അമിത വിലയ്ക്ക് കാരണം. സാമ്പത്തിക പ്രതിസന്ധി മൂലം സർക്കാർ വിപണിയിലിടപെടാൻ മടിക്കുകയാണ്.

ഒരാഴ്ചക്കിടെ ബീൻസിനും പാവക്കയ്ക്കും കിലോയ്ക്ക് 100 രൂപയായി. മുരിങ്ങയ്ക്ക് 80 രൂപയുമായി.കിലോയ്ക്ക് 20 രൂപയുള്ള ചുരങ്ങയ്ക്ക് മാത്രമാണ് വില കൂടാത്തത്. ട്രാേളിംഗ് നിരോധനം കാരണം മീൻവരവ് കുറയുകയും വില കുതിച്ച് ഉയരുകയും ചെയ്തു.

ഹാർബറിൽ ഒരു കിലോ ചാളയ്ക്ക് 250 രൂപയാണ് ലേലവില. ചന്തയിൽ 300രൂപയ്ക്ക് മേലാകും. പല ചന്തകളിലും 100 രൂപയ്ക്ക് 4–5 ചാളയാണ് വിൽക്കുന്നത്. കേരച്ചൂരയുടെ വില കിലോയ്ക്ക് 700 രൂപ വരെയായി. മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് കേരച്ചൂര എത്തുന്നത്.മിക്ക മീനുകളുടെയും വില കിലോയ്ക്ക് 250 കടന്നു.

380 മുതൽ 420 രൂപ വരെയാണ് പോത്തിറച്ചിയുടെ വില. എല്ലില്ലാത്തതിന് 420രൂപ നൽകണം. മൂരിയിറച്ചിയ്ക്ക് 420 രൂപയാണ്. ആട്ടിറച്ചിയ്ക്ക് 800 രൂപയായി. അതേസമയം, കിലോയ്ക്ക് 300 വരെ എത്തിയ കോഴിയിറച്ചിയ്ക്ക് 220 രൂപയായി. കോഴി കിലോയ്ക്ക് 184ൽ നിന്ന് 140-130 രൂപയായി.

ഉണക്കമീനിന്റെ വിലയും കൂടി. ഉണക്ക നത്തലിന് 100ൽ നിന്ന് 200ആയും ഉണക്കമത്തി 150ൽ നിന്ന് 320ആയും ഉണക്കമുളളന്റേത് 130ൽ നിന്ന് 350രൂപയായും കൂടി.

പച്ചക്കറി വില

(ബ്രാക്കറ്റിൽ കഴിഞ്ഞയാഴ്ചത്തെ വില)

തക്കാളി.............................100 (50) ഉണ്ട പച്ചമുളക്.............. 160 (100) സവാള................................ 48 (30) മല്ലിയില........................... 165 (250-260) വെളുത്തുള്ളി...................195 (140) ഇഞ്ചി................................. 220 (140) കാരറ്റ്................................ 102 (50) മുരിങ്ങ...............................195 (60)

ബീൻസ്................................120(74)

ഇറച്ചി

ചിക്കൻ.....................................200 ബീഫ്(പോത്ത്)....................... 420 മൂരി.......................................... 400

പന്നിയിറച്ചി........................... 380 മട്ടൺ.......................................... 800