SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.02 PM IST

2400 കോടിയുടെ ഖരമാലിന്യ സംസ്കരണം ഇഴയുന്നു

Increase Font Size Decrease Font Size Print Page
fg

 ഇന്ന് സർവകക്ഷി യോഗം

തിരുവനന്തപുരം : മാലിന്യം ജീവന് ഭീഷണിയായി മാറുമ്പോൾ, ഒരുവർഷം മുമ്പ് സർക്കാർ പ്രഖ്യാപിച്ച 2400 കോടിയുടെ ഖരമാലിന്യ സംസ്കരണ പദ്ധതി ഇഴയുന്നു. മാലിന്യമുക്ത കേരളത്തിനായി ഇന്നു മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ വേഗത വരുത്താനുള്ള നിർദ്ദേശങ്ങൾ ഉയർന്നേക്കും.

ആദ്യവർഷം അനുവദിച്ച 103.37 കോടിയിൽ 74.39 കോടി രൂപ ചെലവഴിച്ചു. മാലിന്യസംസ്‌കരണകേന്ദ്രങ്ങൾ, മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങൾ എന്നിവടങ്ങളിൽ ഫയർ ഓഡിറ്റ് പൂർത്തിയാക്കിയതാണ് ആകെ നേട്ടം. ഡ്രോൺ സർവ്വേയാണ് നടത്തിയത്. നവകേരളം കാമ്പെയിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 20നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി പ്രഖ്യാപിച്ചത്.

ആറു വർഷമാണ് കാലാവധി. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും (എ.ഐ.ഐ.ബി) സഹകരണത്തോടെയുള്ള പദ്ധതിയായതിനാൽ പ്രതിവർഷം പ്രവർത്തന പുരോഗതി അറിയിക്കണം. സ്റ്റേറ്റ് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റും ജില്ലാ യൂണിറ്റുകളും വരും. നഗരസഭകളിൽ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് എൻജിനിയറെ നിയമിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

1200 കോടി

നഗരസഭകൾക്ക്

2400 കോടിയിൽ 1200 കോടി നഗരസഭകൾക്ക് ഖരമാലിന്യ സംസ്കരണം നടപ്പാക്കാനാണ്. ബാക്കി മേഖലാതല ഖരമാലിന്യ പരിപാലന സംവിധാനങ്ങൾ ഒരുക്കുന്നതിനും.

തുക വിനിയോഗം

(ആദ്യ വർഷം)

ലോകബാങ്ക്, എ.ഐ.ഐ.ബി വിഹിതം............. 72.36 കോടി

സംസ്ഥാന വിഹിതം..................................................... 31.01കോടി

ആകെ അനുവദിച്ചത്................................................. 103.37 കോടി

പദ്ധതി അക്കൗണ്ടിലെത്തിയത്.............................. 81.12 കോടി

ചെലവഴിച്ചത്................................................................. 74.39 കോടി

നടപ്പുവർഷം വകയിരുത്തൽ ................................. 300 കോടി

തദ്ദേശസ്ഥാപന വിഹിതം......................................... 180 കോടി

ഈമാസം തദ്ദേശസ്ഥാപനങ്ങൾക്ക് .................. 14.69 കോടി.

20 ഇടങ്ങൾ വീണ്ടെടുക്കുന്നു

20 മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ നടത്തും. കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർകോട്, മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളിലാണ് ബയോ മൈനിംഗ് നടത്തി ഭൂമി വീണ്ടെടുക്കുക. 2025 മേയിൽ പൂർത്തിയാക്കും.

TAGS: XCV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY