
ചാലക്കുടി: മുരിങ്ങൂരിൽ ദേശീയപാതയിലെ അടിപ്പാത നിർമ്മാണ സ്ഥലത്ത് വീണ്ടും സ്ലാബ് ഇടിഞ്ഞുവീണു. എറണാകുളം - തൃശൂർ ദിശയിലെ ഭാഗത്താണ് പാർശ്വഭിത്തിയുടെ മുകളിൽ നിന്നും കോൺക്രീറ്റ് സ്ലാബ് നിലം പൊത്തിയത്. നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകുമ്പോഴായിരുന്നു അപകടം. ഭാഗ്യം കൊണ്ട് അപകടം ഒഴിവായി. ഇന്നലെ രാവിലെ പത്തരയ്ക്കായിരുന്നു സംഭവം.
മൂന്നാം തവണയാണ് ഇവിടെ പാർശ്വഭിത്തിയുടെ സ്ലാബ് തകരുന്നത്. നേരത്തെ രണ്ട് തവണയും നിർമ്മാണത്തിനിടെയായിരുന്നു അപകടം. എന്നാൽ സ്ലാബുകളെല്ലാം ഘടിപ്പിച്ച ശേഷം മണ്ണ് നിറക്കുമ്പോഴായിരുന്നു ഇപ്പോഴത്തെ സംഭവം. ഇതോടെ മഴക്കാലം, പാർശ്വഭിത്തിയുടെ സുരക്ഷയ്ക്ക് കനത്ത വെല്ലുവിളിയാകുമെന്ന് ജനം ഭയപ്പെടുന്നു.
മറ്റൊരിടത്തേക്ക് വെള്ളം ഒഴുകിപ്പോകാൻ സൗകര്യമില്ലാത്ത വിധം സർവീസ് റോഡിന്റെ ഇരുഭാഗത്തും കാന നിർമ്മിച്ചതും അശാസ്ത്രീയമാണെന്ന് പരാതിയുണ്ട്. ഇത് കാനകളുടെ ബലക്ഷയത്തിനും കാരണമാകും. പലയിടത്തും കാനയുടെ ഉപരിതലത്തിലെ സ്ലാബുകൾ വാഹനങ്ങൾ കയറി തകർന്നിരുന്നു. നേരത്തെ പാർശ്വഭിത്തിയുടെ സ്ലാബ് തകർന്ന ചിറങ്ങരയിൽ കാനയുടെ സ്ലാബും പലവട്ടം ഇടിഞ്ഞിരുന്നു. വേണ്ടത്ര മേൽനോട്ടം ഇല്ലാതെ നിർമ്മാണം നടക്കുന്നതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. നിർമ്മാണ പ്രവൃത്തികളിൽ സാമൂഹികസംഘടനകളും രാഷ്ട്രീയപാർട്ടികളും പലവട്ടം പരാതി നൽകിയിട്ടും പ്രതിഷേധിച്ചിട്ടും പ്രയോജനമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |