കൊല്ലം: മൂന്നാം എൽ.ഡി.എഫ് സർക്കാരിന്റെ സൃഷ്ടിയാണ് കൊല്ലത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നെന്നും അതിനായി പ്രവർത്തന റിപ്പോർട്ടിന് പുറമേ 'നവകേരളത്തിനായി പുതുവഴികൾ' എന്ന രേഖ അവതരിപ്പിച്ച് ചർച്ച ചെയ്യുമെന്നും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
നവകേരള സൃഷ്ടിക്കായി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി അവതരിപ്പിച്ച നവകേരള രേഖയുടെ തുടർച്ചയായ രണ്ടാം രേഖ. മുഖ്യമന്ത്രി അവതരിപ്പിക്കും. ഒന്നാം രേഖയിലെ കാര്യങ്ങൾ എത്രത്തോളം നടപ്പാക്കി, ഇനി ചെയ്യേണ്ടത് എന്തൊക്കെ, എന്നിങ്ങനെ ത്രികാല രൂപത്തിൽ പരിശോധിക്കും..
തെറ്റുതിരുത്തൽ
രേഖയും ചർച്ച
23-ാം പാർട്ടി കോൺഗ്രസ് മുന്നോട്ടുവച്ച രാഷ്ട്രീയ, സംഘടനാ കാഴ്ചപ്പാടുകൾ, കൊൽക്കത്ത പ്ലീനം നിർദ്ദേശിച്ച തെറ്റുതിരുത്തൽ രേഖ എന്നിവ എത്രത്തോളം നടപ്പായെന്നും പരിശോധിക്കും. പാർലമെന്ററി ജനാധിപത്യത്തിൽ മുൻതൂക്കത്തിന് 50 ശതമാനത്തിലേറെ ജനങ്ങളുടെ പിന്തുണ നേടണമെന്ന ലക്ഷ്യത്തിൽ എത്രത്തോളം മുന്നേറാനായി, കഴിഞ്ഞ സമ്മേളനത്തിന് ശേഷമുള്ള രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങൾ, വർഗബഹുജന സംഘടനകളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങൾ രാഷ്ട്രീയവത്കരണത്തിൽ എത്രത്തോളം സജീവമാകുന്നു തുടങ്ങിയവയും ചർച്ചയാകും.
ഫാസിസവും നിയോ
ഫാസിസവും രണ്ട്
ക്ലാസിക്കൽ ഫാസിസം പഴയതാണെന്നും ഇപ്പോഴുള്ളത് നിയോഫാസിസമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. ആഗോളവത്കരണം സൃഷ്ടിച്ച പ്രതിസന്ധിയെ മറികടക്കാൻ രൂപപ്പെട്ടതാണ് നിയോ ഫാസിസം. സി.പി.എം ആദ്യമായാണ് ഈ സംജ്‌ഞ ഉപയോഗിക്കുന്നത്. ക്ലാസിക്കൽ ഫാസിസം രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഹിറ്റ്ലറും മുസോളിനിയുമൊക്കെ നടപ്പാക്കിയതാണ്. ഭരണഘടനയും ഭരണകൂടവുമെല്ലാം ഒരു കേന്ദ്രത്തിൽ കേന്ദ്രീകരിക്കുന്നതായിരുന്നു. ജനാധിപത്യ വികേന്ദ്രീകരണം അവസാനിപ്പിച്ച് അധികാരം മുഴുവൻ കൈയാളുന്നതുമായിരുന്നു. ആ രീതിയിലുള്ള ഫാസിസം ഇപ്പോൾ എവിടെയുമില്ല.
മോദിയും ട്രംപും അധികാരത്തിൽ വന്നതു പോലെ പാർലമെന്ററി ജനാധിപത്യത്തിലൂടെ കടന്നുവന്ന് പടിപടിയായി ജനാധിപത്യവും ഫെഡറിലിസവും അട്ടിമറിക്കുന്നതാണ് നിയോ ഫാസിസം. അതിന്റെ ഭാഗമാണ് രാജ്യത്ത് ഭരണഘടനാ സ്ഥാപനങ്ങൾ തകർക്കുന്നത്. മെല്ലെ മെല്ലെ ഫാസിസത്തിലേക്കുള്ള യാത്രയാണത്. രാജ്യത്തെ ഭരണഘടനാസ്ഥാപനങ്ങൾ അർദ്ധ സൈനിക വിഭാഗമായ ആർ.എസ്.എസ് കൈകാര്യം ചെയ്യുന്ന സ്ഥിതി ഈ പ്രവണതയുടെ ഭാഗമാണ്.
530 പേർ പങ്കെടുക്കും
486 പ്രതിനിധികളും നിരീക്ഷകരും അതിഥികളുമായി 44 പേരും സഹിതം 530 പേർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. ഇതിൽ 75 പേർ വനിതകളാണ്. ഈ മാസം 9വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം 6ന് രാവിലെ 10ന് പോളിറ്റ് ബ്യൂറോ കോ- ഓർഡിറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |