ആലപ്പുഴ: സംസ്ഥാനത്തെ ഹയർ സെക്കൻഡറി വിഭാഗം സാക്ഷരത അദ്ധ്യാപകരുടെ ഓണറേറിയം മുടങ്ങിയിട്ട് ഒരു വർഷം. ആറു മാസത്തിലൊരിക്കൽ ഓണറേറിയം നൽകണമെന്നാണ് ചട്ടം. എന്നാൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞ സാമ്പത്തിക വർഷം ഒരു രൂപ പോലും ലഭിച്ചില്ല. 3542 അദ്ധ്യാപകരാണ് ആകെയുള്ളത്.
മണിക്കൂറിന് 300 രൂപയാണ് ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഒരാൾക്ക് ഒരു വർഷം പരമാവധി 15,000 രൂപ വരെ ലഭിക്കും. ഇതിനായി 1.5 കോടി രൂപയാണ് ഒരു സാമ്പത്തിക വർഷം വേണ്ടത്. 2023-24 വർഷത്തെ തുക വിതരണം തുടങ്ങിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ പല ജില്ലകളിലെയും അദ്ധ്യാപകരുടെ അക്കൗണ്ടിൽ പണമെത്തിയിട്ടില്ല.
സംസ്ഥാന ഓഫീസിൽ നിന്നുള്ള അപേക്ഷ പൂരിപ്പിച്ച് ജില്ലാ കോ-ഓർഡിനേറ്ററുടെ ശുപാർശ സഹിതം സമർപ്പിക്കണം. ഇത് ലഭിക്കുന്ന മുറയ്ക്കാണ് ഓണറേറിയം അനുവദിക്കുന്നത്.
തുല്യതാ ഹയർ സെക്കൻഡറി കോഴ്സ് പി.എസ്.സി അംഗീകരിക്കാത്തതിനാൽ സമ്പർക്ക പഠന ക്ലാസിലെ അദ്ധ്യാപകർക്ക് ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നീ യോഗ്യതകൾ നിർബന്ധമാണ്. സാക്ഷരത മിഷന്റെ പ്രത്യേക പരിശീലനവും പൂർത്തിയാക്കണം. ഞായറാഴ്ചയും രണ്ടാം ശനിയാഴ്ചയും പൊതു അവധി ദിവസങ്ങളിലും തിരഞ്ഞെടുത്ത സ്‌കൂളുകളിലാണ് ക്ലാസുകൾ.
മണിക്കൂറിന് 300 രൂപ
ഒരു മണിക്കൂറിനുള്ള ഓണറേറിയം-300 രൂപ
ഒരു വർഷം പരമാവധി ലഭിക്കുന്നത്- 15,000 രൂപ
ഒരു സാമ്പത്തിക വർഷം വേണ്ടത്- 1.5 കോടി
ആകെ അദ്ധ്യാപകർ- 3542
പ്ലസ് വൺ അദ്ധ്യാപകർ- 1743
പ്രസ്ടു- 1799
'പല ജില്ലകളിൽ നിന്നും റിപ്പോർട്ട് വൈകിയതിനാലാണ് ഓണറേറിയം വൈകിയത്. തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പദ്ധതി വിഹിതം ലഭ്യമായ മുറയ്ക്ക് വിതരണം ആരംഭിച്ചിട്ടുണ്ട്"
- എ.ജി. ഒലീന, സാക്ഷരത മിഷൻ ഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |