തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെ, കെ.പി.സി.സിയിൽ നേതൃമാറ്റത്തിന് ഹൈക്കമാൻഡിനുമേൽ സംസ്ഥാനത്തെ ചില ഉന്നത നേതാക്കൾ വീണ്ടും ഉയർത്തുന്ന സമ്മർദ്ദത്തിൽ പാർട്ടിയിലെ പിന്നാക്ക വിഭാഗം നേതാക്കൾക്കും അണികൾക്കും അമർഷം. ഡിസംബറിലെ തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്തവർഷം മേയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയത്തിനായി പാർട്ടി ഏക ശിലപോലെ പ്രവർത്തിക്കണമെന്നായിരുന്നു ഹൈക്കമാൻഡ് ഡൽഹിയിൽ വിളിച്ച കെ.പി.സി.സി നേതാക്കളുടെ യോഗത്തിൽ രാഹുൽഗാന്ധിയുടെ നിർദ്ദേശം.
കെ.സുധാകരനെ പ്രസിഡന്റ് സ്ഥാനത്ത് നിലനിറുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പക്ഷം. ഒരു ക്രിസ്ത്യൻ നേതാവിനെ അദ്ധ്യക്ഷനാക്കിയാൽ ക്രൈസ്തവ സഭകളുടെ പിന്തുണയും ആർജ്ജിക്കാനാവുമെന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ, പാർലമെന്റ് തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് ഉജ്വല വിജയം നേടിയത് കെ.സുധാകരന്റെ നേതൃത്വത്തിലായിരുന്നു.
അടുത്ത തിരഞ്ഞെടുപ്പുകൾക്ക് തയ്യാറെടുക്കേണ്ട ഘട്ടത്തിൽ സുധാകരനെ മാറ്റേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന നിലപാടാണ് രമേശ് ചെന്നിത്തലയും കെ.മുരളീധരനും ശശി തരൂരും മറ്റും സ്വീകരിച്ചത്. അതോടെ,നേതൃമാറ്റ നീക്കങ്ങളിൽ നിന്ന് ഹൈക്കമാൻഡ് പിന്തിരിഞ്ഞു. സംഘടനാ നവീകരണവും ശാക്തീകരണവും ലക്ഷ്യമാക്കി അഹമ്മദാബാദിലെ എ.ഐ.സി.സി സമ്മേളനമാണ് കെ.പി.സി.സി നേതൃമാറ്റ നീക്കങ്ങൾക്ക് വീണ്ടും ജീവൻ പകർന്നത്.
ചൂണ്ടിക്കാട്ടുന്നത്
മുനമ്പം വിഷയം
വഖഫ് ബിൽ നിയമമായതോടെ മുനമ്പത്തെ തർക്ക ഭൂമിയിലെ കുടിയൊഴിപ്പിക്കലിൽ നിന്ന് 650ലധികം ക്രിസ്ത്യൻ കുടുംബങ്ങൾ മോചിതരാവും.അതിന്റെ രാഷ്ട്രീയനേട്ടം കൊയ്യാൻ ബി.ജെ.പി തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ആന്റോ ആന്റണി എം.പിയെ കെ.പി.സി.സി പ്രസിഡന്റാക്കിയാൽ മുനമ്പത്തേത് ഉൾപ്പെടെയുള്ള ക്രൈസ്തവ സഭകളുടെ പിന്തുണ ആർജ്ജിക്കാനാവുമെന്നാണ് സുധാകരനെ മാറ്റുന്നതിനെ അനുകൂലിക്കുന്നവരുടെ വാദം.
അതേസമയം, സംഘടനയിലും സ്ഥാനാർത്ഥി നിർണയത്തിലും പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്ന ആവശ്യം ഉയരുന്നതിനിടെ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഈഴവ സമുദായാംഗത്തെ മാറ്റുന്നത് സാമുദായിക സമവാക്യങ്ങൾ തെറ്റിക്കുമെന്നും പാർട്ടിക്ക് കനത്ത തിരിച്ചടിയാവുമെന്നും ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കെ.സുധാകരനെ മാറ്റേണ്ടിവന്നാൽ അടൂർ പ്രകാശ് എം.പിയേയോ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ഈ വിഭാഗത്തിൽപ്പെട്ട മറ്റാരെയെങ്കിലുമോ എന്തുകൊണ്ട് പരിഗണിച്ചുകൂടെന്നും ഇവർ ചോദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |