കോഴിക്കോട്: കേരളത്തിലെ ജനകീയനായ എം.എൽ.എ എന്ന് ഖ്യാതികേട്ട എ. പ്രദീപ്കുമാറിന് പുതിയ നിയോഗം. സി.പി.എമ്മിലെ സൗമ്യസാന്നിദ്ധ്യമെന്ന് അറിയപ്പെടുന്ന പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് എത്തുമ്പോൾ വരുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ജനകീയ മുഖം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.
കോഴിക്കോട് നാദാപുരം ചേലക്കാട് ആനാറമ്പത്ത് പരേതരായ ഗോപാലകൃഷ്ണകുറിപ്പിന്റേയും കമലാക്ഷിയമ്മയുടേയും മകനാണ്. ഇപ്പോൾ വെസ്റ്റ് ഹില്ലിൽ ചുങ്കത്താണ് താമസം. ഭാര്യ:അഖില (വേങ്ങേരി സഹകരണ ബാങ്ക് സെക്രട്ടറി). മകൾ:അമിത (ആർകിടെക്ട്).
എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്,സെക്രട്ടറി,ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി,കോഴിക്കോട് ജില്ലാ കൗൺസിൽ അംഗം,കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ,കോഴിക്കോട് അർബൻ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മൂന്ന് തവണ കോഴിക്കോട് നോർത്തിൽ നിന്ന് എം.എൽ.എയായി. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ സ്കൂളുകളിൽ തുടങ്ങിയ പ്രിസം പദ്ധതി അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
'പാർട്ടി പുതിയൊരു ചുമതല നൽകി. അത് ഏറ്റവും കാര്യക്ഷമമായി നിർവഹിക്കും. കേരളത്തിൽ വീണ്ടും ചരിത്രം തിരുത്തി മൂന്നാം സർക്കാരിലേക്ക് പോവുകയാണ് ഇടതുമുന്നണി. അതിൽ എതിർ പാർട്ടികൾക്കുപോലും സംശയമില്ല. അതിന് തന്നാലാവുന്ന സംഭാവനകൾ ചെയ്യും.' പുതിയ പദവിയെക്കുറിച്ച് പ്രദീപ്കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |