തിരുവനന്തപുരം: ഫിഷറീസ് സർവകലാശാലാ വൈസ്ചാൻസലറായി കേരള സർവകലാശാല അക്വാട്ടിക്ക് ബയോളജി വകുപ്പ് മേധാവിയും, സീനിയർ പ്രൊഫസറും ഡീനുമായ ഡോ. എ. ബിജുകുമാറിനെ ഗവർണർ നിയമിച്ചു. നിലവിലെ വിസി ഡോ. ടി. പ്രദീപ്കുമാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നതിനെ തുടർന്നാണ് പുതിയ നിയമനം. മലയാളം സർവകലാശാല വിസി ഡോ. സുഷമയും ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നുണ്ടെങ്കിലും പകരം നിയമനം നടത്തിയിട്ടില്ല. ഗോവയിലുള്ള ഗവർണർ 2ന് തിരിച്ചെത്തിയ ശേഷമായിരിക്കും നിയമനം.
കേരള സർവ്വകലാശാലയിൽ നിന്ന് സുവോളജിയിൽ ബിഎസ്‌സി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വിഷയത്തിൽ എംഎസ്‌സി, എംഫിൽ, പിഎച്ച്‌ഡി ബിരുദങ്ങൾ നേടിയ ബിജുകുമാർ ചെക്ക് അക്കാഡമി ഒഫ് സയൻസസ്, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി, കാനഡയിലെ ഗുൽഫ് യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്ന് വർഗ്ഗീകരണ ശാസ്ത്രത്തിലും ഡിഎൻഎ ബാർകോഡിംഗിലും പരിശീലനം നേടിയിട്ടുണ്ട്. സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്ന് സമുദ്രപരിസ്ഥിതി നിരീക്ഷണത്തിൽ വിദഗ്ദ്ധപരിശീലനവും നേടി.55ലേറെ പുതിയ ഇനം ജലജീവികളെ കണ്ടെത്തി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തി. ആഗോള കൺസർവേഷൻ യൂണിയൻ സ്പീഷീസ് സർവൈവൽ കമ്മീഷനിലെ അംഗമാണ്. നിലവിൽ യൂറോപ്യൻ യൂണിയന്റെയും, നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെയും അന്തർദേശീയ ഗവേഷണ പ്രൊജക്റ്റുകളിൽ പ്രോജക്ട് ലീഡറാണ്. 250ലേറെ ഗവേഷണ പ്രബന്ധങ്ങളും 26പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു. 20ഗവേഷണങ്ങൾക്ക് ഗൈഡായി. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്.
2023ൽ സ്റ്റാൻഫോർഡ് സർവകലാശാല -എൽസെവിയർ പട്ടികയിൽ സുവോളജി/മറൈൻ ബയോളജി മേഖലയിലെ ലോകത്തെ മികച്ച ശാസ്ത്രജ്ഞരിൽ ഒരാളായി പരിഗണിക്കപ്പെട്ടു. സംസ്ഥാന സർക്കാരിന്റെയും ഇന്ത്യൻ അക്കാഡമി ഒഫ് എൻവയോൺമെന്റൽ സയൻസസിന്റെയും യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം, കേരള സർവകലാശാലയുടെ ഏറ്റവും ഉയർന്ന ഗവേഷണ ഗ്രാന്റ് അവാർഡ്, അക്കാഡമിക് എക്‌സലൻസ് അവാർഡ്, ബംഗളുരുവിലെ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ് ഒഫ് ബയോളജിക്കൽ സയൻസസിന്റെ പ്രൊഫ.എൻ ബി നായർ എൻവയോൺമെന്റൽ എക്‌സലൻസ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |