തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ എൽ.എസ്.ഡി സ്റ്റാമ്പ് കേസിൽ കുടുക്കിയ മുഖ്യ ആസൂത്രക ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീലയുടെ മകൻ സംഗീതിന്റെ ഭാര്യയുടെ സഹോദരിയാണ്. മുംബയ് വിമാനത്താവളത്തിൽ നിന്നാണ് പിടിയിലായത്.
ദുബായിൽ ജോലി ചെയ്യുകയായിരുന്ന ലിവിയയെ എക്‌സിറ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് പൊലീസ് നാട്ടിൽ എത്തിച്ചത്.
മുംബയിൽ വന്നിറങ്ങിയ ലിവിയയെ അവിടെ തടഞ്ഞുവച്ചു. ഇന്നലെ വൈകിട്ട് ആറോടെ കേരള പൊലീസെത്തി കസ്റ്റഡിയിലെടുത്തു. മുംബയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയുമായി ഇന്ന് വൈകിട്ടോടെ പൊലീസ് തൃശൂരിലെത്തുമെന്നാണ് വിവരം. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തും. ലിവിയയ്ക്കായി നേരത്തെ ലുക്ക്ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു.
ബംഗളൂരുവിൽ പഠിക്കുന്ന കാലത്ത് പരിചയക്കാരനായ തൃപ്പൂണിത്തുറ സ്വദേശി നാരായണദാസിന്റെ സഹായത്തോടെ സംഘടിപ്പിച്ച വ്യാജ ലഹരി സ്റ്റാമ്പ് ലിവിയയാണ് ഷീലയുടെ ബാഗിൽ ഒളിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ഇവരെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും. നാരായണദാസ് നേരത്തെ അറസ്റ്റിലായിരുന്നു.
കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. 2023 ഫെബ്രുവരി 27ന് നടന്ന സംഭവത്തിനുശേഷം 72 ദിവസം ഷീല ജയിൽവാസം അനുഭവിച്ചിരുന്നു.
'പിടികൂടിയതിൽ സന്തോഷം'
തന്നെ കുടുക്കിയ ലിവിയയെ പൊലീസ് പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് ഷീല സണ്ണി. തന്നെ കുടുക്കുന്നതിന് പിന്നിൽ മരുമകളും പ്രവർത്തിച്ചിരിക്കാം. വീട്ടിൽ നിന്നും തന്നെ ഒഴിവാക്കുന്നതിനാണോ ഇതെന്ന് സംശയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |