ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 134 അടി പിന്നിട്ട സാഹചര്യത്തിൽ നാളെ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും. സെക്കൻഡിൽ ആറായിരം ഘനയടിയോളം ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലവിഭവ വകുപ്പ് അസി. എൻജിനിയർ കേരളത്തെ അറിയിച്ചത്. ഷട്ടറുകൾ തുറന്നാൽ പെരിയാറിലൂടെയാണ് ജലമൊഴുകുക. കേന്ദ്ര ജലകമ്മിഷൻ അംഗീകരിച്ച നിലവിലെ റൂൾ കർവ് പ്രകാരം 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കണം. അതേസമയം 134 അടിയിലെത്തുമ്പോൾ ആദ്യ മുന്നറിയിപ്പ് നൽകണമെന്ന നിർദ്ദേശം തമിഴ്നാട് കൃത്യമായി പാലിച്ചിട്ടില്ല. ജലനിരപ്പ് 134.3 അടിയിലെത്തിയപ്പോഴാണ് നാളെ തുറക്കുമെന്ന് അറിയിച്ചത്. 135 അടിയെത്തുമ്പോൾ രണ്ടാമത്തെ മുന്നറിയിപ്പും റെഡ് അലർട്ടും പ്രഖ്യാപിക്കണം. 136 അടിയെത്തുമ്പോൾ മൂന്നാം മുന്നറിയിപ്പിനൊപ്പം ഡാം തുറക്കണം. മുൻ വർഷങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചപ്പോൾ യഥാസമയം ജാഗ്രതാ നിർദ്ദേശം നൽകുന്നതിൽ തമിഴ്നാട് വീഴ്ച വരുത്തിയിരുന്നു. കേരളം നിരന്തരം ഇക്കാര്യം മേൽനോട്ട സമിതി യോഗങ്ങളിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇത്തവണയും റൂൾകർവ് പാലിക്കാതെ പരമാവധി ജലം സംഭരിക്കാനാണ് തമിഴ്നാടിന്റെ ശ്രമം. ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 134.40 അടിയാണ് ജലനിരപ്പ്. അണക്കെട്ടിന്റെ അനുവദനീയമായ സംഭരണശേഷി 142 അടിയാണ്. നിലവിൽ സെക്കൻഡിൽ 5920.24 ഘനയടി ജലം ഡാമിലേക്ക് എത്തുന്നുണ്ട്. ഇതിൽ 1867 ഘനയടി ജലം തമിഴ്നാട് വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. 62.01 അടിയിലെത്തിയ വൈഗയുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. ഇത് ഇന്നലെ കൂടുതൽ ഉയർത്തി. 72 അടിയാണ് ഈ ഡാമിന്റെ പരമാവധി സംഭരണശേഷി. ഇതിന് മുമ്പ് 2022 ആഗസ്റ്റിലാണ് ഡാം തുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |