#പൊട്ടിത്തെച്ചറിച്ചത് വേദനകണ്ട്
മനംനൊന്തിട്ടെന്ന് ഡോ.ഹാരിസ്
തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കൽ പൊട്ടിത്തെറിച്ചത് കാർഷിക കോളേജിലെ വിദ്യാർത്ഥിയുടെ വേദന കണ്ട് മനംനൊന്ത്. മൂത്രാശയത്തിലെ കല്ലിന് മൂന്നുമാസം
മുമ്പാണ് യൂറോളജി വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയത്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബമാണ്. പി.ജി ഡോക്ടർ കണ്ട് ശസ്ത്രക്രിയ നിശ്ചയിച്ചു. പരീക്ഷ കാരണം നിശ്ചയിച്ച ദിവസം വരാനായില്ല. മൂന്നു മാസത്തോളം വേദന സഹിച്ചു. പരീക്ഷ കഴിഞ്ഞ ഉടൻ എത്തി. അതിന് യുവാവിനെയും അച്ഛനെയും താൻ ശകാരിച്ചു. വേദനകാരണം ആ പയ്യൻ മുന്നിലിരുന്ന് കരഞ്ഞപ്പോൾ സഹിക്കാനായില്ല. മൂന്നുമാസം നീട്ടികൊണ്ടിപോയത് തന്നെ കിഡ്നി പ്രവർത്തനത്തെ സാരമായി ബാധിക്കും.
വെയിറ്റിംഗ് ലിസ്റ്റിൽ ഉൾപ്പെടുത്താതെ അടിയന്തരമായി വേദന സംഹാരി നൽകി യുവാവിനെ അഡ്മിറ്റ് ചെയ്തു. വെള്ളിയാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ച് കാത്തിരിക്കുമ്പോഴാണ് ഉപകരണമില്ലാത്തിനാൽ മാറ്റിവയ്ക്കേണ്ടി വന്നത്.
ഹാരിസിനെ തള്ളി പ്രിൻസിപ്പൽ
ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്ന് തുറന്നു പറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിനെ തള്ളി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി.കെ.ജബ്ബാർ. യൂറോളജിയിലെ ഒരു പർച്ചേസ് ഓർഡർ ഫയലും കെട്ടിക്കിടക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ചാർജെടുത്ത ശേഷം എല്ലാ വകുപ്പുകളിലെയും ഫയൽ പരിശോധിച്ചിരുന്നു. രണ്ട് ദിവസം മുമ്പാണ് യൂറോളജി ഫയൽ നോക്കിയത്. ഒരു അപേക്ഷയും കെട്ടിക്കിടക്കുന്നത് കണ്ടില്ല. ഉപകരണങ്ങളില്ലെന്ന് ഒരു വർഷമായി പ്രിൻസിപ്പാലിനെയും സൂപ്രണ്ടിനെയും അറിയിച്ചിട്ടും നടപടിയില്ലെന്ന് ഡോ. ഹാരിസ് ആവർത്തിച്ചതിന് പിന്നാലെയായിരുന്നു പ്രിൻസിപ്പലിൻെറ പ്രതികരണം.
പ്രിൻസിപ്പൽ പുതിയ ആളായതിനാലാകും വ്യക്തതയില്ലാത്തതെന്ന് ഡോ.ഹാരിസ് പറഞ്ഞു. അദ്ദേഹം ചുമതലയേറ്റ ശേഷം യൂറോളജിയിലെത്തി കാര്യങ്ങൾ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും ഹാരിസ് വ്യക്തമാക്കി.
മെഡി. കോളേജുകൾക്ക് മുന്നിൽ
നാളെ കോൺ. പ്രതിഷേധം
ആരോഗ്യമേഖലയോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ നാളെ രാവിലെ 10 ന് സംസ്ഥാനത്തെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി.സി.സികളുടെ നേതൃത്വത്തിൽ പ്രതിഷേധമാർച്ചും ധർണയും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |