
പാലക്കാട്: കാൽ നൂറ്റാണ്ടുകാലം നവരക്കൃഷിയെ ജീവിതത്തോട് ചേർത്തുപിടിച്ച കർഷകനെയാണ് നാരായണനുണ്ണിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. ചിറ്റൂർ, അമ്പാട്ടുപാളയം കറുകമണിക്കളം വീട്ടിൽ നാരായണനുണ്ണി (നവര ഉണ്ണിയേട്ടൻ) ചൊവ്വാഴ്ച രാത്രിയാണ് വിടവാങ്ങിയത്.
പരമ്പരാഗത കർഷക കുടുംബത്തിൽ ജനിച്ചയാളാണ്. സ്വന്തമായി വരുമാനമുണ്ടാക്കുക എന്ന ആഗ്രഹമാണ് കൃഷിയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. ആദ്യം എച്ച്സിഎൽ നിർമ്മിച്ച ഡെസ്‌ക്ടോപ് കംപ്യൂട്ടറുകൾ വിൽക്കുന്ന ഏജൻസിയെടുത്ത് ബിസിനസ് രംഗത്തേക്കിറങ്ങി. 1994ൽ നാരായണനുണ്ണിയുടെ അച്ഛൻ രാമചന്ദ്രമേനോന്റെ മരണത്തോടെയാണ് ബിസിനസ് ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങിയത്. അന്ന് ചിറ്റൂരിലും സമീപപ്രദേശങ്ങളിലും പരമ്പരാഗതമായി നവര കൃഷി ചെയ്യുന്നവരുണ്ടായിരുന്നെങ്കിലും മതിയായ ആവശ്യക്കാരുണ്ടായിരുന്നില്ല. കാലക്രമേണ കർഷകർ നവരയെ കൈവിട്ടപ്പോഴും നാരായണനുണ്ണി അതിനെ ജീവിതത്തോട് ചേർത്തുപിടിച്ചു.
വി.എസിന്റെ പ്രിയൻ
അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് നവരയരിയുടെ രുചി പകർന്നുനൽകിയതും നാരായണനുണ്ണിയാണ്. 2007ൽ വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാരായണനുണ്ണിയുടെ ഫാം കാണാൻ എത്തിയിരുന്നു. 20 ഏക്കറിലുള്ള കൃഷിയിടം കണ്ട വി.എസ് നാരായണനുണ്ണിയുടെ വീട്ടിലെത്തി ഉച്ചയൂണും കഴിച്ചാണ് മടങ്ങിയത്. നവരയരിയുടെ സ്വാദ് ഇഷ്ടപ്പെട്ട വി.എസ് വർഷങ്ങളോളം നാരായണനുണ്ണിയുടെ പക്കൽനിന്ന് നവരയരി വാങ്ങാനും ശ്രദ്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ചികിത്സക്കായി ശുദ്ധമായ നവര വാങ്ങിയിരുന്നത് ഉണ്ണിയേട്ടനിൽ നിന്നാണ്. കോടിയേരി ബാലകൃഷ്ണനും ഉണ്ണിയേട്ടന്റെ പാടത്തുവിളഞ്ഞ നവര അരിയുടെ രുചി ആസ്വദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |