തിരുവനന്തപുരം: വൈസ്ചാൻസലറുടെ പ്രത്യേക അധികാരമുപയോഗിച്ചാണ് ഡോ. മോഹനൻ കുന്നുമ്മൽ രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്. സർവകലാശാല നിയമത്തിലെ 10(13) സെക്ഷൻ പ്രകാരമാണ് വി.സിക്ക് സവിശേഷ അധികാരമുള്ളത്.
സിൻഡിക്കേറ്റോ അക്കാഡമിക് കൗൺസിലോ ചേരാത്ത സാഹചര്യങ്ങളിൽ അടിയന്തര ഘട്ടമുണ്ടായാൽ സിൻഡിക്കേറ്റിന്റെയും അക്കാഡമിക് കൗൺസിലിന്റെയും അധികാരമുപയോഗിച്ച് വി.സിക്ക് നടപടിയെടുക്കാം. ഇത് അടുത്ത സിൻഡിക്കേറ്റിലോ അക്കാഡമിക് കൗൺസിലിലോ റിപ്പോർട്ട് ചെയ്താൽ മതിയാവും. അല്ലാതെ വി.സിക്ക് സിൻഡിക്കേറ്റിന്റെ അംഗീകാരമോ സാധൂകരണമോ നേടേണ്ടതില്ല. സാധാരണ ഗതിയിൽ ഈ അധികാരമുപയോഗിച്ച് വി.സിമാർ കടുത്ത നടപടികളെടുക്കാറില്ല. അതേസമയം, സിൻഡിക്കേറ്റ് യോഗങ്ങളിലെ 75 ശതമാനം അജൻഡകളും അടിയന്തര തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ളതാണ്. റഷ്യയിലേക്ക് തിരിക്കും മുൻപ് രജിസ്ട്രാർക്കെതിരായ അന്വേഷണത്തിന്റെയും നടപടിയുടെയും വിവരങ്ങൾ സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വി.സി കൈമാറിയിട്ടുണ്ട്.
സസ്പെൻഷൻ റദ്ദാക്കി രജിസ്ട്രാറെ തുടരാൻ അനുവദിക്കുമെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത്. എന്നാൽ സിൻഡിക്കേറ്റിന്റെ അദ്ധ്യക്ഷനായ വി.സിയാണ് യോഗം വിളിച്ചുചേർക്കേണ്ടത്. അല്ലെങ്കിൽ വി.സി യോഗം വിളിക്കാൻ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തണം. അറുപത് ദിവസത്തിലൊരിക്കലാണ് സിൻഡിക്കേറ്റ് ചേരേണ്ടത്. 10 ദിവസം മുൻപ് സിൻഡിക്കേറ്റ് ചേർന്നിരുന്നു. സിൻഡിക്കേറ്റംഗങ്ങൾ ചേർന്ന് യോഗം നടത്തി തീരുമാനമെടുത്താലും അത് അംഗീകരിക്കേണ്ടത് വി.സിയാണ്.
രജിസ്ട്രാർക്കെതിരായ പരാതി സിൻഡിക്കേറ്റിൽ ചർച്ച ചെയ്ത് തീരുമാനിക്കണമായിരുന്നു.
അത്യാവശ്യ പ്രവർത്തനങ്ങൾക്കാണ് വി.സിക്ക് പ്രത്യേക അധികാരം. അത് ദുരുപയോഗിച്ചു. നടപടി സിൻഡിക്കേറ്റ് അംഗീകരിച്ചിട്ടില്ല.
- ഇടത് അംഗം ഡോ.എസ്.നസീബ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |