കോഴിക്കോട്: കേന്ദ്രം സഹായം നിഷേധിച്ചാലും വികസന പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്നും അതിന്റെ തെളിവാണ് വയനാട്ടിലേക്കുള്ള തുരങ്കപാതയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ ഉദ്ഘാടനം ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ നിവർഹിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബിയെ തകർക്കാൻ നീക്കമുണ്ടായി. എന്നാൽ, അതിൽ നിന്നുള്ള ഫണ്ടുപയോഗിച്ചാണ് തുരങ്കപാത നിർമ്മിക്കുന്നത്. പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം, കാർഷിക മേഖലകൾക്ക് കുതിപ്പേകും. താമശേരി ചുരത്തിലെ ദുരിതയാത്രയ്ക്ക് അറുതിയാകും.
ഖജനാവിന്റെ ശേഷിക്കുറവ് കാരണം പല പദ്ധതികളും ദശാബ്ദങ്ങളോളം വൈകുന്ന സ്ഥിതി ഉണ്ടായിരുന്നു. വിദ്യാഭ്യാസ പദ്ധതികളടക്കം പിന്നോട്ടുപോകുന്ന അവസ്ഥയായിരുന്നു. പരിഹാരമായാണ് കിഫ്ബിക്ക് രൂപം നൽകിയത്. 90,000 കോടിയുടെ പദ്ധതികളാണ് കിഫ്ബി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പശ്ചാത്തല വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതിയാണ് യാഥാർത്ഥ്യമാകാൻ പോകുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച പൊതുമരാമത്തു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ, പട്ടിക ജാതി പട്ടികവർഗ വികസന മന്ത്രി ഒ.ആർ. കേളു, വനം മന്ത്രി എ.കെ. ശശിന്ദ്രൻ, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയൽ, ടി. സിദ്ധിഖ് എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു. തിരുവമ്പാടി എം.എൽ .എ ലിന്റോ ജോസഫ് സ്വാഗതം പറഞ്ഞു
ദൈർഘ്യമേറിയ മൂന്നാമത്തെ ഇരട്ട തുരങ്കപാത
#കിഫ്ബിയിൽ നിന്നുള്ള 2134 കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം. കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയതും
ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തേതുമാണ് ഈ ഇരട്ട തുരങ്കപാത (ട്വിൻ ട്യൂബ് ടണൽ)
#കോഴിക്കോട് മറിപ്പുഴ മുതൽ വയനാട് മീനാക്ഷി പാലം വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.73 കിലോ മീറ്റർ ദൈർഘ്യം. തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇരുവഞ്ഞി പുഴയ്ക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ് പാത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |