തിരുവനന്തപുരം: ഭാരതാംബ ചിത്രം സെനറ്റ് ഹാളിൽ പാടില്ലായിരുന്നുവെന്നും ആ ചടങ്ങ് റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി കൃത്യവുമാണെന്ന നിലപാടിൽ മാറ്റമില്ലെന്നാണ് ഇടത്, വലത് സിൻഡിക്കേറ്റ് അംഗങ്ങളുടെ നിലപാട്.
സിൻഡിക്കേറ്റിന്റെ നിർദ്ദേശത്തിലാണ് ഇന്നലെ രജിസ്ട്രാർ ചുമതലയേൽക്കാൽ പെട്ടെന്ന് എത്തിയത്.രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കേറ്റാണ്. രജിസ്ട്രാറെ വിളിച്ചു വരുത്താനുള്ള അധികാരം സിൻഡിക്കേറ്റിനുണ്ട്.സസ്പെൻഷൻ നടപടി റദ്ദ് ചെയ്തെന്ന് സിൻഡിക്കേറ്റ് പാസാക്കിയ പ്രമേയം നിലനിൽക്കുമെന്നാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ വാദം.സിൻഡിക്കേറ്റിന്റെ അധികാരം ചോദ്യം ചെയ്യാൻ വിസിയ്ക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
താത്കാലിക വി.സി സിസാ തോമസ് പിരിച്ചുവിട്ട യോഗത്തിനുശേഷം ചേർന്ന സമാന്തര യോഗത്തിലെ തീരുമാനം നിയമപരമായി നിലനിൽക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. യോഗം പിരിച്ചുവിട്ട ശേഷം ചേർന്ന യോഗത്തിന്റെ മിനിട്സ് വി.സി അംഗീകരിക്കാതെ, ആ തീരുമാനത്തിന് പ്രാബല്യം ഉണ്ടാകില്ല. ഹർജി നിൽനിൽക്കുന്നതിനാൽ, അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് കോടതിയാണ്.രജിസ്ട്രാർക്കും സിൻഡിക്കേറ്റിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് സൂചന. ഈ വിഷയത്തിൽ ഇടത് അംഗങ്ങളോടൊപ്പമായിരുന്നു കോൺഗ്രസും. ഇന്നലെ അരമണിക്കൂർ കോൺഗ്രസ് പ്രതിനിധിയും സമാന്തര സിൻഡിക്കേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. സംഘപരിവാർ അനുകൂല സംഘടനയ്ക്ക് സെനറ്റ് ഹാൾ അനുവദിച്ചതും പിന്നാലെ തടസ്സം സൃഷ്ടിച്ചതും ആസൂത്രിതമാണോ എന്ന് അന്വേഷിക്കണമെന്ന് കോൺഗ്രസ് അനുകൂല സിൻഡിക്കേറ്റ് അംഗം വൈ. അഹമ്മദ് ഫസിൽ പറഞ്ഞു.
രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ
വി.സിക്ക് അധികാരമില്ല: മന്ത്രി ബിന്ദു
തൃശൂർ: കേരള സർവകലാശാല രജിസ്ട്രാർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ വി.സിക്ക് അധികാരമില്ലെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സിൻഡിക്കറ്റിന് അധികാരമുള്ളതു കൊണ്ടാണ് സസ്പെൻഷൻ റദ്ദാക്കിയത്. അംഗങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വി.സി സിൻഡിക്കറ്റ് വിളിച്ചത്. ചർച്ചയ്ക്കിടെ വി.സി ഇറങ്ങിപ്പോയി. സിൻഡിക്കറ്റ് അംഗങ്ങൾ അവരിൽ നിന്ന് തന്നെ ചെയർപേഴ്സണെ തിരഞ്ഞെടുത്തു. തുടർന്ന് ചെയർപേഴ്സൺ യോഗം നടത്തി രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കുകയായിരുന്നു. അതാണ് നിയമപരമായ നടപടി. ബാക്കിയുള്ള കാര്യങ്ങൾ കോടതി പരിശോധിക്കട്ടെ. സിൻഡിക്കറ്റ് യോഗം തീരുമാനം വി.സി അംഗീകരിച്ചില്ല. പ്രമേയം വായിക്കുമ്പോൾ വി.സിയുണ്ടായിരുന്നു. 18 അംഗങ്ങളുടെ പിന്തുണയും ലഭിച്ചു. ചാൻസലർ എന്ന നിലയിൽ ഗവർണർ സർവകലാശാലകളോട് ചേർന്നു നിൽക്കണം. സർവകലാശാലകൾ മതനിരപേക്ഷ ഇടങ്ങളാണെന്നും ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |