തിരുവനന്തപുരം: കാർഷിക മേഖലയുടെ നവീകരണത്തിനായി ലോക ബാങ്ക് കേര പദ്ധതിയിൽ കേരളത്തിന് അനുവദിച്ച 2365.48 കോടി രൂപയുടെ വായ്പ വകമാറ്റിയെന്ന വാർത്താ വിവാദത്തിന് പിന്നാലെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു ഡോ. ബി. അശോകിനെ മാറ്റി.
കാർഷിക സർവകലാശാല വൈസ് ചാൻസലർ സ്ഥാനത്ത് അദ്ദേഹം തുടരും. അവധി കഴിഞ്ഞു മടങ്ങിയെത്തിയ ടിങ്കു ബിസ്വാളിനെ കൃഷി വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു.
താരതമ്യേന ജൂനിയർ ഐഎഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന ഗതാഗത വകുപ്പിനു കീഴിലുള്ള കെ.ടി.ഡി.എഫ്.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറായാണ് പുതിയ നിയമനം.പി.ബി നൂഹാനായിരുന്നു ഇതിന്റെ ചുമതല.പി.ബി നൂഹിനെ വാട്ടർ അതോറിട്ടിയുടെ എം.ഡിയായി നിയമിച്ചു.
സ്ഥലമാറ്റത്തിനെതിരെ അശോക് കോടതിയെ സമീപിച്ചേക്കും.
ലഭിച്ച തസ്തിക കേഡർ പോസ്റ്റല്ല.നേരത്തെ കൃഷി വകുപ്പിൽ നിന്ന് ഒഴിവാക്കി തദ്ദേശ വകുപ്പ് ഓംബുഡ്സ് മാനായി നിയമിച്ചതിനെതിരെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ അശോക് സമീപിച്ചിരുന്നു. നിയമനം റദ്ദാക്കുകയും തൽസ്ഥിതി തുടരാൻ ഇടക്കാല ഉത്തരവിടുകയും ചെയ്തിരുന്നു.ഇതിനിടെയാണ് കേര പദ്ധതിയിൽ കർഷകർക്കായി അനുവദിച്ച തുക വകമാറ്റിയതുമായി ബന്ധപ്പെട്ട വിവാദമുണ്ടായത്. വാർത്ത ചോർന്നതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ഇടപെട്ട് അന്വേഷണവും പ്രഖ്യാപിച്ചു. അതും വിവാദമായതിനു പിന്നാലെയാണ് ബി. അശോകിനെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |