ന്യൂഡൽഹി: ഇന്ത്യയ്ക്ക് സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരം താത്പര്യങ്ങളാണുള്ളതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അധിക തീരുവയെ തുടർന്ന് യു.എസുമായുള്ള ബന്ധം വഷളാവുകയും ചൈനയുമായി ഇന്ത്യ അടുക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരത്തിന് വേണ്ടി ലോകമെങ്ങും യുദ്ധസമാനമായ സാഹചര്യമാണെന്ന് രാജനാഥ് സിംഗ് പറഞ്ഞു. എന്നാൽ ഏത് ആഗോള സമ്മർദ്ദത്തെയും അതിജീവിച്ച് രാജ്യം കൂടുതൽ ശക്തമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ 50% തീരുവയെ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യ ആരെയും ശത്രുവായി കാണുന്നില്ല. രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങളാണ് പ്രധാനം. എത്ര സമ്മർദ്ദമുണ്ടായാലും കർഷകർ,ചെറുകിട വ്യവസായികൾ,വ്യാപാരികൾ,കന്നുകാലി വളർത്തുന്നവർ,സാധാരണ പൗരൻമാർ എന്നിവരുടെ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ എല്ലാ യുദ്ധക്കപ്പലുകളും തദ്ദേശീയമായി നിർമ്മിക്കുമെന്നും, നാവികസേന മറ്റു രാജ്യങ്ങളിൽ നിന്ന് യുദ്ധക്കപ്പലുകൾ വാങ്ങില്ലെന്നും പ്രതിജ്ഞയെടുത്തതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. തദ്ദേശീയമായി നിർമ്മിച്ച ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും എത്രത്തോളം വിജയിച്ചുവെന്നത് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുദർശൻ ചക്ര ഉടൻ
ഇന്ത്യയ്ക്ക് തദ്ദേശീയമായി വികസിപ്പിക്കുന്ന വ്യോമ പ്രതിരോധ സംവിധാനമായ സുദർശൻ ചക്ര ഉടൻ സജ്ജമാകുമെന്ന് രാജ്‌നാഥ് സിംഗ്. 10 വർഷത്തിനകം രാജ്യമെങ്ങും സുദർശൻ ചക്രയുടെ സംരക്ഷണ കവചത്തിലാകും. സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സുദർശൻ ചക്ര പ്രതിരോധ പദ്ധതി പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |