തിരുവനന്തപുരം: സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ. സിനിമ കോൺക്ലേവ് ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യശശ്ശരീരനായ സംവിധായകൻ ഷാജി എൻ.കരുണിന്റ ഉൾക്കാഴ്ച നയ രൂപീകരണത്തിന് കരുത്ത് പകർന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്.
മലയാള സിനിമയുടെ ഭാവി മികച്ചതാക്കുന്നതിനും ദിശാബോധം നൽകുന്നതിനും കോൺക്ലേവിന് കഴിയും. എല്ലാക്കാലത്തും സംസ്ഥാന സർക്കാർ സിനിമ മേഖലയ്ക്ക് നൽകുന്ന പിന്തുണ പ്രശംസനീയമാണ്. ഫലപ്രദമായ ചർച്ചകൾക്ക് വഴിയൊരുക്കുന്ന സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നു.
'മലയാള സിനിമ
ദൈവത്തിന്റെ സമ്മാനം'
നല്ല സിനിമ എന്താണെന്ന് തന്നെ പഠിപ്പിച്ചത് മലയാള സിനിമയാണെന്ന് നടി സുഹാസിനി. മലയാള സിനിമ ദൈവത്തിന്റെ സമ്മാനമാണ്. ഓരോ തവണയും മലയാളത്തിൽ അഭിനയിക്കുമ്പോൾ അത് നല്ല സിനിമ എന്താണെന്ന പഠനാനുഭവമാണ് ഉണ്ടാവുന്നത്.
ഷാജി എൻ. കരുണിന്
സ്മരണാഞ്ജലി
മലയാള സിനിമ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യാനും ചലച്ചിത്ര നയം രൂപീകരിക്കാനും ലക്ഷ്യമിട്ടുള്ള കോൺക്ലേവിൽ ഭൗതിക സാന്നിദ്ധ്യമില്ലെങ്കിലും നിറഞ്ഞുനിന്നത് അന്തരിച്ച ചലച്ചിത്രകാരൻ ഷാജി എൻ.കരുൺ. കോൺക്ലേവിനായി ഏതാണ്ടെല്ലാ മുന്നൊരുക്കങ്ങളും
സിനിമാനയ രൂപീകരണ സമിതിയുടെ ചെയർമാനായിരുന്ന ഷാജി എൻ.കരുൺ പൂർത്തിയാക്കിയിരുന്നു. രോഗം വല്ലാതെ അലട്ടിയപ്പോഴും കോൺക്ലേവിന് മുന്നോടിയായി നടന്ന ചർച്ചകളിലും പങ്കെടുത്തിരുന്നു. ഏപ്രിൽ 28നായിരുന്നു ആ മഹാ ചലച്ചിത്ര പ്രതിഭ വിടപറഞ്ഞത്. ചടങ്ങിൽ സംസാരിച്ചവരെല്ലാം അദ്ദേഹത്തെ അനുസ്മരിച്ചു. ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹത്തെ കുറിച്ചുള്ള ഹ്രസ്വ വീഡിയോ പ്രദർശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |