മലയാളത്തിലും തമിഴിലുമെല്ലാം ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയ സിനിമകൾ പുതിയ സാങ്കേതിക വിദ്യയുടെ മിഴിവിൽ വീണ്ടും ബിഗ് സ്‌ക്രീനുകളിൽ എത്തുമ്പോൾ ആരാധകരും ആവേശത്തിലാണ്. മലയാളത്തിൽ മോഹൻലാലിന്റെ 'ഛോട്ടാ മുംബൈ', ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നിവയെല്ലാം ബോക്സോഫിസിൽ ചരിത്രം കുറിച്ചിരുന്നു. ആവേശമുയർത്തിക്കൊണ്ട് മറ്റൊരു സൂപ്പർ ഹിറ്റ് മലയാള സിനിമ കൂടി റീ റിലീസിന് ഒരുങ്ങുകയാണ് ആക്ഷൻ ഹീറോ സുരേഷ് ഗോപി നായകനായ 'കമ്മീഷണർ' ആണ് ഇത്തവണയെത്തുന്നത്.
സുരേഷ് ഗോപിയുടെ സോഷ്യൽ മീഡിയിലൂടെയാണ് റീ മാസ്റ്ററിംഗ് ടീസർ പുറത്തു വിട്ടിരിക്കുന്നത്. 1994 ൽ പുറത്തിറങ്ങിയ 'കമ്മീഷണർ' സുരേഷ് ഗോപിയുടെ സൂപ്പർ താര പദവിക്ക് അടിത്തറയിട്ട ചിത്രങ്ങളിൽ ഒന്നാണ്. നീണ്ട 31 വർഷങ്ങൾക്ക് ശേഷമാണ് ഭരത്ചന്ദ്രൻ ഐ.പി.എസ് എന്ന പോലീസുകാരൻ വീണ്ടും തിയേറ്ററുകളുടെ ആവേശമാകാൻ എത്തുന്നത്. 'ഛോട്ടാ മുംബൈ', 'ദേവദൂതൻ' തുടങ്ങിയ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്ത ഹൈ സ്റ്റുഡിയോസ് തന്നെയാണ് കമ്മീഷണർ ചിത്രത്തിന്റെയും റീ മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത്. 4K റെസല്യൂഷനിലും ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിലുമാണ് 'കമ്മീഷണർ' വീണ്ടും ബിഗ് സ്‌ക്രീനുകളിൽ എത്തുന്നത്. ഈ സാങ്കേതിക മികവ് പ്രേക്ഷകർക്ക് തിയേറ്റർ അനുഭവം കൂടുതൽ മികച്ചതാക്കും എന്ന് ടീസറിൽ വ്യക്തം.
സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രൺജി പണിക്കരും ചേർന്ന് സൃഷ്ടിച്ച ആക്ഷൻ ഡ്രാമയാണ് 'കമ്മീഷണർ'. എം. മണി ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. സുരേഷ് ഗോപിയെ കൂടാതെ ശോഭന, രതീഷ്, വിജയരാഘവൻ, രാജൻ പി.ദേവ്, സോമൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മലയാളത്തിൽ മികച്ച വിജയം നേടിയ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴിമാറ്റം ചെയ്യപ്പെടുകയും അവിടെയും വലിയ സ്വീകാര്യത നേടുകയും ചെയ്തു. തെലുങ്കിൽ 'കമ്മീഷണർ' വലിയൊരു ഹിറ്റായിരുന്നു. ആന്ധ്രാപ്രദേശിൽ 100 ദിവസത്തിലധികം പ്രദർശിപ്പിച്ച ചിത്രം, സുരേഷ് ഗോപിക്ക് അന്യഭാഷകളിലും വലിയൊരു ഫാൻ ബേസ് ഉണ്ടാക്കി കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |