കൊച്ചി: ദേവസ്വംബോർഡ് നിയമനങ്ങളിൽ പിന്നാക്ക, പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് അധികമായി ലഭിച്ച പത്തു ശതമാനം സംവരണം അട്ടിമറിക്കപ്പെടുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും റവന്യൂ (ദേവസ്വം) വകുപ്പുമാണ് പിന്നിൽ. ഒന്നരവർഷം മുമ്പെടുത്ത സർക്കാർ തീരുമാനം ഇതുവരെ നടപ്പായില്ല. നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കുകയാണ് മേലാളന്മാർ.
സെപ്തംബർ ഒന്നിന് ഇറങ്ങിയ നിയമന വിജ്ഞാപനത്തിൽവരെ റവന്യൂ വകുപ്പിന്റെ അനുമതിക്ക് വിധേയമായി മാത്രമേ നടപ്പാക്കൂ എന്ന് പറയുന്നുണ്ട്. ഒട്ടേറെ ഉദ്യോഗാർത്ഥികൾക്കാണ് ഇതുമൂലം സംവരണാനുകൂല്യം നഷ്ടമാകുന്നത്. മുസ്ളിം, ക്രിസ്ത്യൻ സംവരണം പിന്നാക്ക, പട്ടികവിഭാഗക്കാർക്ക് വീതിച്ചുനൽകിയും മുന്നാക്ക സംവരണം ജനറൽ വിഭാഗത്തിൽ നിന്നെടുക്കാനുമുള്ളതാണ് ഭേദഗതി.
അതേസമയം, മുന്നാക്ക സംവരണ വിഷയത്തിൽ വലിയ ശുഷ്കാന്തിയാണ് ബോർഡിന്. ഇന്ത്യയിൽ ആദ്യമായി മുന്നാക്ക സംവരണം നടപ്പാക്കിയത് സംസ്ഥാനത്തെ ദേവസ്വം ബോർഡുകളിലാണ്. പിന്നീട് സർക്കാർ സർവീസിൽ നടപ്പാക്കിയപ്പോൾ, വിവിധ വകുപ്പുകളുടെ ചട്ടങ്ങളും നടപടിക്രമങ്ങളും ഒറ്റ ഉത്തരവിൽ ഭേദഗതി ചെയ്ത് കാര്യക്ഷമത കാട്ടി. എന്നിട്ടാണ് പിന്നാക്കക്കാരുടെ അധികസംവരണ ഫയലിൽ അടയിരിക്കുന്നത്.
പി.എസ്.സിയുടെ സംവരണ റൊട്ടേഷൻ പ്രകാരം നിയമനത്തിന് ചട്ടങ്ങൾ ഭേദഗതിചെയ്യാൻ 2024 ജൂൺ 22ന് റിക്രൂട്ട്മെന്റ് ബോർഡിന് റവന്യൂ (ദേവസ്വം) വകുപ്പ് കത്തുനൽകിയിരുന്നു. എന്നാൽ ബോർഡ് തിരിച്ചയച്ച ഭേദഗതിയുടെ കരട് നിർദ്ദേശം അംഗീകാരത്തിനായി ഇപ്പോഴും റവന്യൂവകുപ്പിന്റെ മേശപ്പുറത്താണ്. തട്ടിക്കളി ഇങ്ങനെ തുടരുന്നു.
വിജ്ഞാപനത്തിലും പക്ഷപാതം
റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനങ്ങളിൽ സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ കൃത്യമായി വിശദീകരിക്കുന്നുണ്ട്. എന്നാൽ, ഒ.ബി.സി, എസ്.സി-എസ്.ടി വിഭാഗക്കാരുടെ മാനദണ്ഡങ്ങളിൽ മൗനമാണ്. വെബ്സൈറ്റിലെ പൊതുവ്യവസ്ഥകൾ പരിശോധിക്കാനാണ് നിർദ്ദേശം.
സംവരണക്രമം
നിലവിൽ...................................................... പുതുക്കിയത്
ജനറൽ: 50 ................................................... 40
മുന്നാക്കം: 10 ............................................... 10
ഒ.ബി.സി , എസ്.സി & എസ്.ടി: 40 .... 50
ചട്ടഭേദഗതിക്ക് അനുമതി വൈകിപ്പിച്ച് പിന്നാക്കക്കാരുടെ സംവരണാനുകൂല്യം തടയുന്നവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കണം
വി.ആർ.ജോഷി,മുൻ ഡയറക്‌ടർ,
സംസ്ഥാന പിന്നാക്കക്ഷേമവകുപ്പ്
ഭേദഗതി നിർദേശങ്ങൾക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതിനായി ഇടപെടുന്നുണ്ട്
അഡ്വ.കെ.ബി. മോഹൻദാസ്,
ചെയർമാൻ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |