തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണ് മോഹന്‍ലാലിനുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്ക് മോഹന്‍ലാലെന്ന അതുല്യപ്രതിഭ നല്‍കിയ മഹത്തായ സംഭാവനകള്‍ക്കുള്ള ആദരവാണ് ഈ പുരസ്കാരം.
1978ലെ ‘തിരനോട്ടം' മുതലുള്ള മോഹന്‍ലാലിന്റെ അഭിനയ മികവിനെ മുഖ്യമന്ത്രി പ്രശംസിച്ചു. നിത്യജീവിതത്തില്‍ ഇടയ്ക്കെല്ലാം മോഹന്‍ലാലായിപ്പോവുക എന്നതുപോലും ചില മലയാളികളുടെ ശീലമായിപോയി. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടന്‍ എന്നാണ് വിളിക്കുന്നത്. വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. തിരശ്ശീലയ്ക്കു പുറമെ അരങ്ങിലും തന്‍റെ അഭിനയകലയുടെ അപാരത കാട്ടിത്തന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വഴക്കമേറിയ നടനശരീരമാണ് മോഹന്‍ലാലിന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഭിനയ പരീക്ഷണങ്ങളാല്‍ കടഞ്ഞെടുത്ത അസാമാന്യ കഴിവുള്ളയാളെന്നും അദ്ദേഹം മോഹന്‍ലാലിനെ വിശേഷിപ്പിച്ചു. നടനവിസ്മയത്തിന്റെ ഓരോ ചിത്രങ്ങളും മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള സൂപ്പര്‍താരം കൂടിയായി അദ്ദേഹം മാറി. ഒരേസമയം നല്ല നടനും ജനപ്രീതിയുള്ള താരവുമാവുകയെന്നത് എളുപ്പമല്ല. പക്ഷേ മോഹന്‍ലാലിന് നൈസര്‍ഗികമായ കഴിവുകള്‍ കൊണ്ട് അത് അനായാസം സാധിക്കുന്നു. മലയാള ചലച്ചിത്രവ്യവസായത്തിന്‍റെ നെടുംതൂണായി നില്‍ക്കുന്ന ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.
1991ല്‍ ‘ഭരതം', 1999ല്‍ ‘വാനപ്രസ്ഥം' എന്നീ ചിത്രങ്ങളിലൂടെ രണ്ടു തവണ ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം ഉള്‍പ്പെടെ സ്പെഷ്യല്‍ ജൂറി അവാര്‍ഡും ജൂറി പരാമര്‍ശവും നാലു തവണ ദേശീയതലത്തില്‍ ഈ അഭിനയപ്രതിഭ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ ഒമ്പതു തവണ മോഹന്‍ലാലിനെ തേടിയെത്തി. പത്മശ്രീ, പത്മഭൂഷണ്‍, രണ്ട് സര്‍വകലാശാലകളുടെ ഡിലിറ്റ് ബിരുദങ്ങള്‍, ലെഫ്റ്റനന്‍റ് കേണല്‍ പദവി തുടങ്ങി മറ്റ് നിരവധി അംഗീകാരങ്ങള്‍. അക്കൂട്ടത്തിലാണ് ഈ പരമോന്നത ബഹുമതിയുടെ പതക്കവും ചേര്‍ത്തുവെയ്ക്കപ്പെടുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടോളമായി മലയാളിക്ക് എന്നും അഭിമാനിക്കാനുള്ള നേട്ടങ്ങള്‍ ഉണ്ടാക്കിത്തരുന്ന മലയാളത്തിന്‍റെ ഇതിഹാസ താരം മോഹന്‍ലാലിനെ സംസ്ഥാന സര്‍ക്കാരിന്‍റെ അനുമോദനം അറിയിക്കുന്നുവെന്നും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍ അദ്ദേഹത്തിനു കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.
മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |