
തിരുവനന്തപുരം: കോടതിയും പാർട്ടിയും കൈവിട്ടതോടെ, 9 ദിവസമായി ഒളിവിലുള്ള രാഹുൽമാങ്കൂട്ടത്തിലിന് നിയമത്തിന് കീഴടങ്ങുകയല്ലാതെ വഴിയില്ലാതായി. അതിശക്തമായ തെളിവുകളോടെ പ്രോസിക്യൂഷൻ രംഗത്തെത്തുണ്ട്. ഹൈക്കോടതിയിൽ പോകാനാണ് രാഹുലിന്റെ നീക്കം. അതിനുമുൻപേ അറസ്റ്റിന് പൊലീസ് വലവിരിച്ചിരിക്കുകയാണ്.
ബംഗളൂരുവിൽ താമസിക്കുന്ന യുവതിയുടെ പരാതിയിൽ രണ്ടാമത്തെ ബലാത്സംഗക്കേസെടുത്തതോടെ രാഹുലിനു മുന്നിൽ നിയമവഴികൾ കടുപ്പമേറിയതാവും. മുൻകൂർ ജാമ്യം തള്ളിയ കോടതിവിധിക്കു പിന്നാലെ രാഹുലിന്റെ ഫോൺ ഓണായത് കീഴടങ്ങാനുള്ള തയാറെടുപ്പായാണ് വിലയിരുത്തൽ. കാറുകളും മൊബൈലുകളും മാറിമാറി ഉപയോഗിച്ചാണ് രാഹുലിന്റെ ഒളിവുവാസം. ഒരിടത്ത് പൊലീസ് എത്തുന്നതിന് തൊട്ടുമുൻപാണ് രക്ഷപ്പെട്ടത്. പൊലീസിൽ നിന്ന് വിവരങ്ങൾ ചോരരുതെന്ന് എസ്.ഐ.ടി കർശന നിർദ്ദേശം നൽകി.
2 ദിവസത്തെ വാദത്തിനൊടുവിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ പുതിയ തെളിവുകൾ കൂടി പരിശോധിച്ച ശേഷമാണ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചത്. രണ്ടാം എഫ്.ഐ.ആറും ഹാജരാക്കി. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്നയാളാണെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. അശാസ്ത്രീയ ഗർഭച്ഛിദ്രം മൂലം യുവതിയുടെ ജീവൻ അപകടത്തിലായെന്ന ഡോക്ടറുടെ മൊഴിയും നിർണായകമായി. നിസ്സഹായയായ സ്ത്രീ കുടുംബപ്രശ്നം പറയാൻ സമീപിച്ചപ്പോൾ വലയിലാക്കി. തുടർന്ന് ഭീഷണിപ്പെടുത്തി നഗ്നദൃശ്യം പകർത്തിയശേഷം ബലാത്സംഗം ചെയ്തു. ഇത് ആവർത്തിച്ചു. ഭീഷണിപ്പെടുത്തി ഗർഭച്ഛിദ്രം നടത്തിച്ചു. ഇങ്ങനെയാണ് രാഹുലിനെതിരെ മൊഴി.
പരാതിക്കാരിയെ കണ്ടെത്തി
രാഹുലിനെതിരെ രണ്ടാമത് പീഡനപരാതി നൽകിയ യുവതിയെ കണ്ടെത്തി ക്രൈംബ്രാഞ്ച്. ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയാണ് പരാതിക്കാരി. ബംഗളൂരുവിലെത്തി ഇവരുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം അനുമതി തേടി. കേസുമായി മുന്നോട്ടു പോകുമെന്ന് യുവതി അറിയിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി സജീവനാണ് അന്വേഷണച്ചുമതല. ഈ കേസിലും പ്രത്യേക അന്വേഷണസംഘമുണ്ട്. ബലാത്സംഗം ഉൾപ്പെടെ വകുപ്പുകൾചുമത്തിയാണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ.
2023ൽ സമൂഹമാധ്യമത്തിലൂടെയാണ് രാഹുലുമായി പരിചയപ്പെട്ടതെന്നും തുടർന്ന് രാഹുൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. 2023 ഡിസംബറിൽ സുഹൃത്തിന്റെ ഹോംസ്റ്റേയിലെത്തിച്ചാണ് പീഡിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |