
കൊച്ചി: കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ വരവ് മുതൽ മരണം വരെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് പ്രത്യേക സംഘത്തോട് (എസ്.ഐ.ടി) ഹൈക്കോടതി ആവശ്യപ്പെട്ടു. സംഭവത്തിൽ അധികൃതർക്ക് ഗുരുതര വീഴ്ച പറ്റി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ പൊലീസിനോടും ഇമിഗ്രേഷൻ വകുപ്പിനോടും നിർദ്ദേശിച്ചു.
സൂരജ് ലാമയുടെ മകൻ സാന്റോൺ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
വിമാനത്താവളത്തിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിട്ടും സൂരജിനെ പോകാൻ അനുവദിച്ചത് ആദ്യവീഴ്ചയാണ്. ഒക്ടോബർ 8, 10 തീയതികളിൽ ലാമയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടും സുരക്ഷിതനാക്കാതെ വിട്ടയച്ചതാണ് വീഴ്ചയാണെന്നും കോടതി പറഞ്ഞു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
അതേസമയം സൂരജ് ലാമയുടേത് മുങ്ങിമരണമാണെന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധനകളിൽ വ്യക്തമായെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വിഷാംശം ഉള്ളിൽച്ചെന്നിട്ടില്ല. ശരീരത്ത് മുറിവുകളുമുണ്ടായിരുന്നില്ല.
അച്ചടക്ക നടപടിയുമായി പൊലീസ്
സൂരജ് ലാമയുടെ തിരോധാനത്തിൽ വീഴ്ച സമ്മതിച്ച്, അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എറണാകുളം റേഞ്ച് ഡിവൈ.എസ്.പി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പ്രാഥമികാന്വേഷണം നടത്തിയ എസ്.ഐ എ.സി. ബിജു, എയർപോർട്ട് എയ്ഡ് പോസ്റ്റിലെ സബ് ഇൻസ്പെക്ടർ സാബു വർഗീസ് എന്നിവർക്കെതിരെ നടപടിയെടുത്തു. തൃക്കാക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |