കോലഞ്ചേരി: കടിയുടെ കാര്യത്തിൽ കേരളത്തിൽ നായകളേക്കാൾ പൂച്ചകൾ കഴിഞ്ഞ 11 വർഷമായി മുന്നേറ്റം തുടരുന്നു. 2014ൽ 94,971 പേരെ മാത്രം കടിച്ച പൂച്ചകൾ, പതിനൊന്നു വർഷം കഴിഞ്ഞപ്പോൾ 5,90,078 പേരെ കടിച്ചു. 521 ശതമാനം വർദ്ധനവാണ് ഇതിലുണ്ടായത്. അതേസമയം 2014ൽ 1,19,191 പേരെ കടിച്ച നായകൾ 2025ൽ 3,69,272 പേരെയാണ് കടിച്ചത്. 210 ശതമാനം വർദ്ധനവാണ് നായകളുടെ കാര്യത്തിലുള്ളത്.
സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് അനിമൽ ലീഗൽ ഫോഴ്സ് ചെയർമാൻ ഏംഗൽസ് നായർക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2024ൽ 3,16,793 പേരെ നായകൾ കടിച്ചപ്പോൾ, 2025ൽ 3,69,272 ആയി ഉയർന്നു. ഇതിൽ 2,64,544 പേരെ വളർത്തുനായകളും 1,04,728 പേരെ തെരുവുനായകളുമാണ് കടിച്ചത്. 2025ൽ ആകെ 10,32,596 പേർ പേവിഷബാധയ്ക്കുള്ള വാക്സിൻ സ്വീകരിച്ചു. ഇതിൽ ആട്, എലി, വവ്വാൽ, മുയൽ എന്നിവയുടെ കടിയേറ്റവരും ഉൾപ്പെടുന്നു. ഈ കണക്കാണ് തെരുവുനായകൾ കടിച്ചുകീറി എന്ന പേരിൽ പൊതുവെ അറിയപ്പെടുന്നത്.
പൂച്ചകൾ ആരെയും ഓടിവന്നു കടിക്കാറില്ലെങ്കിലും സർക്കാർ കണക്കിൽ 'കടി" എന്നാൽ റാബീസ് വാക്സിൻ എടുക്കുന്നവരുടെ എണ്ണമാണ്. മലയാളികൾ മൃഗങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകുന്നതും ഓമനിക്കുന്നതിനിടയിൽ ഉണ്ടാകുന്ന ചെറിയ നഖക്ഷതങ്ങൾക്ക് പോലും വാക്സിൻ എടുക്കുന്നതുമാണ് എണ്ണം കൂടാൻ കാരണം. നായകളുടെ കാര്യവും ഇതുതന്നെ.
എറണാകുളം ജില്ലയിലെ രായമംഗലം പഞ്ചായത്തിലെ കണക്ക് അനുസരിച്ച് 2025ൽ 401 പേരാണ് റാബീസ് വാക്സിൻ എടുത്തത്. ഇതിൽ 64 ശതമാനവും പൂച്ചയുടെ കടിയേറ്റവരാണ്. 255 പേർക്കാണ് പൂച്ചയുടെ കടിയേറ്റത്. വളർത്തുനായ 138 പേരെ കടിച്ചപ്പോൾ തെരുവുനായ 3 പേരെ മാത്രമാണ് കടിച്ചത്. അണ്ണാൻ, വവ്വാൽ, കീരി, എലി എന്നിവ ഓരോരുത്തരെ വീതം കടിച്ചു. ആട് കടിച്ചതിനും ഒരാൾ വാക്സിൻ എടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |