തിരുവനന്തപുരം: ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ വിഹിതം ഉറപ്പാക്കണമെന്ന് ഏഴാം സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ. നിലവിൽ 28% വിഹിതമാണ് നൽകുന്നത്. ഒരു വർഷത്തേക്കുള്ള റിപ്പോർട്ട് കമ്മിഷൻ ചെയർമാൻ പ്രൊഫ.കെ.എൻ. ഹരിലാൽ ഗവർണർ ആർ.വി.ആർലേക്കർക്ക് സമർപ്പിച്ചു.
തുടർ നടപടികൾക്കായി റിപ്പോർട്ട് ഗവർണർ സർക്കാരിന് കൈമാറും. സാധാരണ അഞ്ച് വർഷത്തേക്കുള്ള ശുപാർശകളാണ് കമ്മിഷൻ സമർപ്പിക്കാറുള്ളത്. എന്നാൽ, കേന്ദ്ര ധനകാര്യ കമ്മിഷൻ റിപ്പോർട്ട് ലഭ്യമാകാത്തതിനാലാണ് ഒരു വർഷത്തേക്ക് മാത്രമുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. ശേഷിക്കുന്ന നാലുവർഷത്തേക്കുള്ള റിപ്പോർട്ട് കേന്ദ്ര ധനകാര്യ കമ്മിഷൻ ശുപാർശകളും വിഹിതവും അറിഞ്ഞതിനു ശേഷം സമർപ്പിക്കും.
2024 സെപ്തംബറിലാണ് ഏഴാം കമ്മിഷനെ നിയമിച്ചത്. രണ്ടു വർഷമാണ് കാലാവധി.
ലോക്ഭവനിൽ നടന്ന ചടങ്ങിൽ ധനകാര്യ കമ്മിഷൻ അംഗവും ധനകാര്യ വകുപ്പ് സെക്രട്ടറിയുമായ കെ.ആർ. ജ്യോതിലാൽ, ധനകമ്മിഷൻ സെക്രട്ടറി പി. അനിൽ പ്രസാദ്, അഡ്വൈസർ പ്രൊഫ. ഹരിക്കുറുപ്പ് കെ.കെ എന്നിവർ പങ്കെടുത്തു.
വിഭവ വിതരണത്തിൽ
മാറ്റം വരുത്തണം
1. ധനവിന്യാസത്തിലെ നിലവിലുള്ള രീതികൾ തുടരുന്നതോടൊപ്പം സമ്പദ്ഘടനയിൽ വന്നുകൊണ്ടിരിക്കുന്ന പ്രധാന മാറ്റങ്ങൾ കണക്കിലെടുത്ത് വിഭവ വിതരണത്തിൽ അനുയോജ്യമായ മാറ്റങ്ങൾ വരുത്താനും കമ്മിഷൻ ശുപാർശ
2. കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തിന്റെ വാർഷിക പദ്ധതിയിൽ നിന്നും നികുതി വരുമാനത്തിൽ നിന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറേണ്ട വിഹിതം തീരുമാനിക്കുക
''തദ്ദേശ സ്ഥാപനങ്ങളുടെ സ്ഥിതിയും അധികമായി നൽകപ്പെട്ട ഉത്തരവാദിത്വങ്ങളും മാറിയ സാമൂഹ്യസാഹചര്യങ്ങളും വളർച്ചാ സാദ്ധ്യതകളും കണക്കിലെടുത്തുള്ള റിപ്പോർട്ടാണ് സമർപ്പിച്ചത്
-പ്രൊഫ.കെ.എൻ. ഹരിലാൽ,
ചെയർമാൻ, സംസ്ഥാന ധനകാര്യ കമ്മിഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |