വയോജന വകുപ്പ് രൂപീകരണം വാർദ്ധക്യം ആഘോഷമാകണം: മധു

Wednesday 20 May 2026 1:04 AM IST

തിരുവനന്തപുരം: 'ഭാര്യയും ഭർത്താവുമൊരുമിച്ച് വാർദ്ധ്യക്യത്തിലും സന്തോഷത്തോടെ കഴിഞ്ഞുവരവേ,ഒരു നാൾ ഒരാൾ അങ്ങ് പോകും. പങ്കാളി അന്നു മുതലാണ് ഏകാന്തത എന്താണെന്നറിയുക...' ഇങ്ങനെ പറഞ്ഞിട്ട് ചാരുകസേരയിൽ കുറച്ചു നേരം മൗനമായി ചിന്തിച്ചിരുന്ന് നടൻ മധു. ഈ ഏകാന്തതയാണ് ശേഷിക്കുന്ന കാലത്തെ വെല്ലുവിളി. പിന്നെ അലട്ടുന്ന രോഗങ്ങളും... പുതിയ വയോജന വകുപ്പ് പുതിയ സർക്കാർ രൂപീകരിക്കുമ്പോൾ ഇതിനൊക്കെ പരിഹാരം കണ്ടാൽ നല്ലെതെന്ന് അദ്ദേഹം പറയുന്നു.

വാർദ്ധക്യം കഴിയുന്നത്ര ആഘോഷമാക്കണം. വയോജന വകുപ്പിന്റെ പ്രയോജനം അവർക്ക് ലഭിക്കണം. വാർദ്ധക്യത്താൽ പുറത്തുപോകാൻ കഴിയാത്തവർക്ക് ആരോഗ്യപരിശോധനയും മരുന്നും വീടുകളിൽ എത്തിക്കണം. പാവപ്പെട്ടവർക്ക് സൗജന്യ സേവനം ഉറപ്പാക്കണം.

പല വീടുകളിലും മക്കൾ ഇല്ല. അവരൊക്കെ നാടിനു പുറത്താണ്. വീട്ടിൽ വൃദ്ധരായ മാതാപിതാക്കൾ മാത്രം. കഷ്ടപ്പെട്ട് വളർത്തിയ മക്കൾ സ്വന്തം കാലിൽ നിൽക്കുമ്പോഴേക്കും പറന്നു പോവുകയാണ്. പണം അയച്ചു കൊടുത്താൽ എല്ലാമായിയെന്ന് കരുതുന്നവരുമുണ്ട്. ഇവിടെ നിന്നാൽ രക്ഷയില്ലാത്തതുകൊണ്ടാണ് അവർ നാടുവിടുന്നത്. തന്നെ സംബന്ധിച്ചിടത്തോളം മക്കളും ചെറുമകനും കുടുംബവും അടുത്തുള്ളത് സന്തോഷമാണെന്നും മധു പറഞ്ഞു.