അന്ധവിശ്വാസങ്ങളുടെ മൻമോഹൻ ബംഗ്ളാവ് ഭയമില്ലാതെ ഒ.ജെ. ജനീഷ്
തിരുവനന്തപുരം: മന്ത്രിമാർക്ക് ഔദ്യോഗിക വസതികൾ അനുവദിച്ചതോടെ വീണ്ടും ചർച്ചയായി മൻമോഹൻ ബംഗ്ളാവ്. ഇവിടെ താമസിക്കുന്ന മന്ത്രിമാർക്ക് കാലാവധി തികയ്ക്കാനാവില്ലെന്നാണ് അന്ധവിശ്വാസം. അതേസമയം,ഇവിടെ താമസിച്ച് കാലാവധി പൂർത്തിയാക്കിയവരുമുണ്ട്.
ഇത്തവണ പലരും ഭയത്താൽ മൻമോഹൻ ബംഗ്ളാവിനെ ഉപേക്ഷിച്ചു. അവസാനം നറുക്ക് വീണത് മന്ത്രി ഒ.ജെ. ജനീഷിനും. ഇവിടെ താമസിക്കാൻ ഭയമില്ലെന്നും ജനീഷ് പറയുന്നു. ശ്രീമൂലം തിരുനാളിന്റെ കാലത്താണ് മൻമോഹൻ ബംഗ്ളാവ് നിർമ്മിച്ചത്. തിരുവിതാംകൂർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന പി.എസ് നടരാജപിള്ളയാണ് ആദ്യമായി ഇവിടെ താമസിച്ചത്. ആഡംബരം വേണ്ടെന്നുവച്ച നടരാജപിള്ള പിന്നീട് താമസം മാറ്റി. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ ജോൺ താമസിച്ചെങ്കിലും വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. ആദ്യമായി മുഖ്യമന്ത്രിയായപ്പോൾ കെ. കരുണാകരൻ താമസിച്ചിരുന്നത് ഇവിടെയായിരുന്നു. എന്നാൽ,രാജൻ കേസിൽ ചുമതലയേറ്റ് ഒരു മാസത്തിനകം മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.
ഇവിടെ താമസിച്ച ആർ. ബാലകൃഷ്ണപിള്ള പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ മന്ത്രിസ്ഥാനം രാജിവച്ചു. ശനിയുടെ അപഹാരം മാറ്റാൻ ബംഗ്ലാവിൽ വാസ്തു പൂജ ഉൾപ്പെടെ ബാലകൃഷ്ണപിള്ള നടത്തി. ആഭ്യന്തര മന്ത്രിയായിരുന്ന കൊടിയേരി ബാലകൃഷ്ണന് മന്ത്രി മന്ദിര നവീകരണത്തിൽ ധൂർത്തെന്ന പേരിൽ താമസം മാറ്റേണ്ടി വന്നു. ടി.യു കുരുവിള ഇവിടെ താമസിച്ച വേളയിലാണ് രാജകുമാരി ഭൂമിയിടപാടിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. പിന്നീട് താമസമാക്കിയ മോൻസ് ജോസഫിനും മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. ലൈംഗാതിക്രമ കേസിൽ കുറ്റവിമുക്തനാക്കിയ പി.ജെ ജോസഫ് തിരിച്ചുവന്നതോടെയാണിത്. മുന്നണി മാറിയതോടെ ജോസഫിന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു.
ഇവിടെ താമസിച്ച് കാലാവധി പൂർത്തിയാക്കിയ മന്ത്രിമാരും നിരവധിയാണ്. അച്യുതമേനോൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന കെ. കരുണാകരൻ,ഉമ്മൻചാണ്ടി സർക്കാരിൽ വൈദ്യുത മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ്,ഒന്നാം പിണറായി സർക്കാരിൽ ധനമന്ത്രിയായിരുന്ന തോമസ് ഐസക്,രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആന്റണി രാജു രണ്ടര വർഷമെന്ന കാലാവധി പൂർത്തീകരിച്ചാണ് താമസം മാറ്റിയത്. സജി ചെറിയാന് മന്ത്രിസഭയിലേക്കുള്ള രണ്ടാം വരവിൽ അനുവദിച്ചതും മൻമോഹൻ ബംഗ്ളാവാണ്.