തിരുവനന്തപുരം:യു.ജി. സി യോഗ്യത ഇല്ലാത്ത അദ്ധ്യാപക സംഘടനാ നേതാക്കളെ പ്രിൻസിപ്പൽമാരാക്കാൻ പി.എസ്.സി റാങ്ക്ലിസ്റ്റ് സർക്കാർ അട്ടിമറിക്കുന്നെന്ന് ആക്ഷേപം. അറുപത് കോളേജുകളിലെ പ്രിൻസിപ്പൽ തസ്തികകൾ നാലു വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുകയാണ്. ഇവയിൽ നിയമനത്തിനുള്ള പി.എസ്.സി ലിസ്റ്റിനെ പറ്റി പരാതി ബോധിപ്പിക്കാൻ, അവസരം നൽകി സർക്കാർ ഉത്തരവിറക്കിയതോടെയാണ് ആക്ഷേപം ഉയർന്നത്.
കഴിഞ്ഞ മാർച്ചിൽ വിദഗ്ദ്ധസമിതി ഇൻറർവ്യൂ നടത്തിയാണ് 110 അപേക്ഷകരിൽ നിന്ന് 43 പേരുടെ റാങ്ക് പട്ടിക പി.എസ്.സിക്ക് ശുപാർശ ചെയ്തത്. യു.ജി.സിയുടെ അംഗീകൃത ജേർണലുകൾക്ക് പകരം കോളേജ് തല ജേർണലുകളിൽ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പരിഗണിക്കാനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
യു.ജി.സി ചട്ടപ്രകാരം പ്രിൻസിപ്പലാകാൻ 15 വർഷത്തെ അദ്ധ്യാപന പരിചയം നിർബന്ധമാണ്. ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നും യോഗ്യതാ മാനദണ്ഡത്തിൽ ഇളവ് നൽകി സർക്കാർ ഉത്തരവിറക്കിയിരുന്നു. യു.ജി.സി റഗുലേഷനിൽ ഇളവിനോ ഭേദഗതിക്കോ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലെന്നിരിക്കെയാണ് ഡെപ്യൂട്ടേഷൻ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കണമെന്ന ഭേദഗതി പുറത്തിറക്കിയത്. 15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ 10 പ്രസിദ്ധീകരണങ്ങളുമെന്ന മാനദണ്ഡം സംസ്ഥാനം അംഗീകരിച്ചിരുന്നതാണ്. 15വർഷത്തെ അദ്ധ്യാപന പരിചയമില്ലാത്തതിനാൽ ഇടത് അദ്ധ്യാപക സംഘടനാ നേതാക്കൾക്ക് അവസരം കിട്ടിയിരുന്നില്ല.
യു.ജി.സി യോഗ്യതയില്ലാതെ, സർക്കാരിന്റെ സ്പെഷ്യൽ റൂൾ പ്രകാരം 12അദ്ധ്യാപകർക്ക് പ്രിൻസിപ്പൽമാരായി സ്ഥാനക്കയറ്റം നൽകിയത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അടുത്തിടെ റദ്ദാക്കിയിരുന്നു. ഗവേഷണ ബിരുദം, പ്രസിദ്ധീകരണങ്ങൾ, ഗവേഷണ മേൽനോട്ടം എന്നിവയില്ലാത്തവരുടെ നിയമനങ്ങളാണ് റദ്ദാക്കിയത്. യു.ജി.സി ചട്ടത്തിന് വിരുദ്ധമായ സ്പെഷ്യൽ റൂൾ നിലനിൽക്കില്ലെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഇവരിൽ രണ്ടുപേർ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരായി തുടരുകയാണ്. ഒരാൾ സി.പി.എം അധ്യാപക സംഘടന നേതാവാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |