
തിരുവനന്തപുരം : രാജ്ഭവൻ സംഘടിപ്പിക്കുന്ന ഔദ്യോഗികമായ പൊതുപരിപാടികളിൽ ദേശീയ പതാകയും ദേശീയ ചിഹ്നങ്ങളുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് സംസ്ഥാന സർക്കാർ കത്ത് നൽകി. സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാന പ്രകാരം മുഖ്യമന്ത്രിയാണ് കത്ത് നൽകിയത്. കാവിപ്പതാകയേന്തിയ ഭാരതാംബയുടെ ചിത്രം ഔദ്യോഗിക ചടങ്ങുകളിൽ ഉൾപ്പെടുത്തുന്നതിലെ എതിർപ്പിനുള്ള കാരണം വ്യക്തമാക്കിയാണ് കത്ത്.
സമുദായികമോ സാമൂഹികമോ ആയ പരിഗണനകൾ ദേശീയ പതാക രൂപകല്പന ചെയ്തപ്പോൾ ഉണ്ടായിരുന്നില്ല. 1947ലെ ഭരണഘടനാ അസംബ്ലിയിലെ ചർച്ചയെ ഉദ്ധരിച്ചാണ് സർക്കാരിന്റെ വിശദീകരണം, രാജ്യത്തെ പൊതുസ്ഥലങ്ങളിൽ ഔദ്യോഗികമോ ഔപചാരികോ ആയ പരിപാടികളിൽ ഏതെങ്കിലും രൂപത്തിൽ ചിത്രീകരിക്കാൻ ദേശീയ പതാകയായ ത്രിവർണ പതാക മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റേതെങ്കിലും പതാകയോ ചിഹ്നമോ പ്രദർശിപ്പിക്കുന്നത് നമ്മുടെ ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും സരോജിനി നായിഡുവിനെ ഉദ്ധരിച്ച് കത്തിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്നും മന്ത്രിസഭ ഗവർണറോട് അഭ്യർത്ഥിച്ചു.
ഭാരതാംബയുടെ മഹത്വവും രാജ്ഭവനിലെ ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയ മന്ത്രി വി. ശിവൻകുട്ടിയുടെ നടപടിയെ കുറ്റപ്പെടുത്തിയും ഗവർണർ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |