
കൽപ്പറ്റ: വനവുമായി ബന്ധമില്ലാത്ത ജനവാസ മേഖലയിൽ കടുവയിറങ്ങിയത് ആശങ്കയ്ക്ക് ഇടയാക്കി. കോട്ടത്തറ വണ്ടിയാമ്പറ്റയിലാണ് കടുവയെ കണ്ടത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ വണ്ടിയാമ്പറ്റ പഴയ റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഡ്രൈവറായ കണിയാമ്പറ്റ സ്വദേശി അജ്മലാണ് കടുവയെ കണ്ടത്. കോട്ടത്തറയിൽ നിന്ന് കമ്പളക്കാട് ടൗണിലേക്ക് മടങ്ങിവരുമ്പോഴാണ് ഓട്ടോറിക്ഷയുടെ മുന്നിലേക്ക് കടുവ ഓടിയെത്തിയത്. റോഡിന് എതിർവശത്തെ കാപ്പിത്തോട്ടത്തിലേക്കാണ് കടുവ കയറിപ്പോയത്. ഓട്ടോയിൽ ഇരുന്ന് അജ്മൽ കടുവയുടെ ദൃശ്യം പകർത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ തന്നെ സ്ഥലത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. നിരവധി കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന പ്രദേശമാണ്. ഏതാനും ആഴ്ചകൾക്കു മുമ്പ് ചീക്കല്ലൂർ ഭാഗത്ത് കടുവയിറങ്ങിയിരുന്നു. കാൽപ്പാടുകളും കടുവയുടെ ചിത്രത്തിലെ മറ്റ് അടയാളങ്ങളും പരിശോധിച്ച് ഏത് കടുവയാണ് ജനവാസ മേഖലയിൽ എത്തിയതെന്ന് കണ്ടെത്തും. കടുവ ജനവാസ മേഖലയിൽ നിന്ന് പോയിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. രാത്രിയിലും പകലും പ്രദേശത്ത് പട്രോളിംഗ് തുടരും. ടി.സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |