
തീപടർന്നത് വിവരം ഫയർഫോഴ്സിനെ അറിയിക്കുന്നതിനിടെ
കൊല്ലം: പറമ്പിൽ കൂട്ടിയിട്ടിരുന്ന ഉണങ്ങിയ പുല്ല് കത്തിക്കുന്നതിനിടെ ആളിപ്പടർന്ന തീയ്ക്കിടയിൽപ്പെട്ട് ഗൃഹനാഥൻ പൊള്ളലേറ്റ് മരിച്ചു. കൊല്ലം രാമൻകുളങ്ങര കന്നിമേൽ ചെങ്കളത്ത് ഭദ്രാദേവീ ക്ഷേത്രത്തിന് സമീപം ആർഷ നഗർ ചന്ദ്രികാ ഭവനിൽ ദയാനിധിയാണ്(53) മരിച്ചത്. തീ നിയന്ത്രണാതീതമായതോടെ ഫോണിൽ ഫയർഫോഴ്സിന്റെ സഹായം തേടുന്നതിനിടെയാണ് ദയാനിധി തീക്കിടയിൽപ്പെട്ടത്. ഇന്നലെ രാവിലെ 11 ഓടെ മുഖത്തല നടുവിലക്കര അൻസാരി മുക്കിനടുത്തായിരുന്നു അപകടം.
വാടകയ്ക്ക് കൊടുത്തിരിക്കുന്ന ഇരുനില വീടിനോട് ചേർന്ന് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ കൂട്ടിയിട്ടിരുന്ന പുല്ല് കത്തിക്കുമ്പോഴായിരുന്നു അപകടം. തീ പെട്ടെന്ന് ആളിപ്പടർന്നതോടെ അടുത്ത വീട്ടിൽ നിന്ന് വെള്ളമെടുത്ത് തീ അണയ്ക്കാൻ ദയാനിധി ശ്രമിച്ചു. എന്നാൽ ശ്രമം പരാജയപ്പെട്ടതോടെ കടപ്പാക്കട ഫയർ സ്റ്റേഷനിൽ അദ്ദേഹം തന്നെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വഴി ചോദിക്കുന്നതിനിടെ ഫോൺ കട്ടായി. അതേ നമ്പരിൽ തിരിച്ചുവിളിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് ടവർ ലൊക്കേഷൻ പരിശോധിച്ച് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
ഫയർഫോഴ്സ് സംഘം എത്തുമ്പോൾ ദയാനിധിയുടെ തൊട്ടടുത്ത് തന്നെ ഫോൺകിടപ്പുണ്ടായിരുന്നു. തീ ഒരുപരിധി വരെ അണഞ്ഞിരുന്നു. ദയാനിധിയുടെ ശരീരത്തിൽ കൂടുതൽ പൊള്ളലേറ്റിട്ടില്ല. ഹൃദ്രോഗിയായ ദയാനിധി ചുറ്റും തീപിടിച്ചതോടെ ഉണ്ടായ പുക ശ്വസിച്ച് ബോധരഹിതനായി വീണ് പൊളളലേറ്റതാകാമെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം ഹൃദയസ്തംഭനാമാകാമെന്ന സംശയവുമുണ്ട്. കൊട്ടിയം പൊലീസും ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
നേരത്തെ വിദേശത്തായിരുന്ന ദയാനിധി നാട്ടിൽ മടങ്ങിയെത്തി കായംകുളം മഹാഗുരു കോളേജ് ഒഫ് എൻജിനിയറിംഗിൽ ലാബ് ഇൻസ്ട്രക്ടറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സിന്ധു. മകൻ: ഭാഗ്യദർശ്(മൂന്നാം വർഷ എൻജിനിയറിംഗ് വിദ്യാർത്ഥി, കൊല്ലം ബിഷപ്പ് ജെറോം എൻജിനിയറിംഗ് കോളേജ്).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |