
പാലക്കാട്: മാറാട് കലാപത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സി.പി.എം നേതാവ് എ.കെ.ബാലൻ. വക്കീൽ നോട്ടീസിൽ ജമാഅത്തെ ഇസ്ളാമി പറയുന്നതെല്ലാം വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതുമാണ്. തന്നെ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കാൻ പരപ്രേരണയിൽ ഗൂഢ ഉദ്ദേശ്യത്തോടെ കെട്ടിച്ചമച്ചതാണ്. കേസും കോടതിയും പുത്തരിയല്ലെന്നും വാർത്താസമ്മേളനത്തിൽ ബാലൻ പറഞ്ഞു.
ഒരുകോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഒരു രൂപ നൽകാൻ താനൊരുക്കമല്ല. മാനനഷ്ടക്കേസിൽ ശിക്ഷിച്ച് ജയിലിലാക്കിയാൽ ആദ്യം ഖുറാൻ പരിഭാഷ വായിച്ചുതീർക്കും. ഖുറാനിന്റെ മലയാളം പരിഭാഷ ഉയർത്തിപ്പിടിച്ചായിരുന്നു വാർത്താസമ്മേളനം.
ന്യൂനപക്ഷ വിരുദ്ധ മനസിന്റെ ഉടമയാണെന്ന് വരുത്തുന്നതിനുള്ള ശ്രമമുണ്ട്. അറുപത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഒരു ആക്ഷേപവും ഉണ്ടാക്കിയിട്ടില്ല. ഇന്നേവരെ ന്യൂനപക്ഷവിരുദ്ധ സമീപനം തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
തനിക്കെതിരെ നോട്ടീസയച്ച സംഘടനയുടെ മതപരമായ നയമെന്താണെന്ന് പ്രഖ്യാപിക്കണം. ഒരു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള മറുപടിയിലെ ജമാഅത്തെ പരാമർശം മാത്രം പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹമത് വിവാദമാക്കി. തന്റെ പ്രതികരണം തെറ്റിധാരണ പരത്തുന്ന വിധത്തിൽ തെറ്റായ വ്യാഖ്യാനം നൽകി പ്രചരിപ്പിച്ചു.
വർഗീയതയ്‌ക്കെതിരെ ശബ്ദമുയർത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. ഉത്തമവിശ്വാസത്തിൽ രാഷ്ട്രീയ ആശയം പറയുന്നതും രാഷ്ട്രവും ജനങ്ങളും അഭിമുഖീകരിക്കാൻ പോകുന്ന ആപത്ത് തുറന്നുകാട്ടുന്നതും അപകീർത്തിപ്പെടുത്തലോ അപമാനിക്കലോ അല്ല. അത് ചരിത്രത്തിലെ കറുത്ത പാടുകൾ ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പാണെന്നും ബാലൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |