
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസ് അറസ്റ്റില്‍. ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം ശങ്കര്‍ദാസിനെ അറസ്റ്റ് ചെയ്തത്. എസ്.പി ശശിധരന്‍ ആശുപത്രിയില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് അറസ്റ്റ്. ജഡ്ജി ആശുപത്രിയില്‍ എത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. കേസില്‍ 11ാം പ്രതിയാണ് ശങ്കരദാസ്.
ശങ്കരദാസ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ശങ്കരദാസിന്റെ ചികിത്സാ രേഖകള്‍ അന്വേഷണ സംഘം കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കാത്തതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടിയത്. ആശുപത്രി രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടിയത്.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ രണ്ട് ജാമ്യാപേക്ഷയും കോടതി തള്ളി. ദ്വാരപാലകശില്പക്കേസിലും കട്ടിളപ്പാളി കേസിലുമാണ് ജാമ്യാപേക്ഷ നല്‍കിയത്. രണ്ടര മാസമായി ജയിലിലാണെന്നും ജാമ്യം നല്‍കണമെന്നും പോറ്റിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, തെളിവുകളും തൊണ്ടിമുതലും ഇപ്പോഴും ശേഖരിച്ചുവരുന്നതേയുള്ളു എന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജാമ്യഹര്‍ജികള്‍ തള്ളിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ 11-ാം പ്രതിയായ ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നതില്‍ എസ്ഐടിയെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രതിചേര്‍ത്ത അന്ന് മുതല്‍ ഒരാള്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും എന്ത് അസംബന്ധമാണ് നടക്കുന്നതെന്നുമായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദിച്ചത്. അയാളുടെ മകന്‍ എസ്പിയാണ് അതാണ് ആശുപത്രിയില്‍ പോയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് വിയോജിപ്പുണ്ടെന്നും കോടതി വിമര്‍ശിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |