തിരുവനന്തപുരം: സംഘടനാപരമായ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണം പുറത്തായതിന്റെ പേരിൽ തിരുവനന്തപുരം ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം പാലോട് രവിക്ക് രാജി വയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ, പാർട്ടി പുനഃസംഘടനാ നടപടികൾക്ക് വേഗമേറും. കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ഉടനെ
കൂടിക്കാഴ്ച നടത്തും.
ഫോൺ സംഭാഷണത്തിൽ മുതിർന്ന നേതാവ് പാലോട് രവി നടത്തിയ ചില പരാമർശങ്ങളിൽ നേതാക്കൾക്ക് വിയോജിപ്പുണ്ടെങ്കിലും, പാർട്ടിയിൽ ചില ദൗർ ബല്യങ്ങളും പ്രശ്നങ്ങളുമുണ്ടെന്ന യാഥാർത്ഥ്യം അവർക്ക് ബോദ്ധ്യമുണ്ട്. പല ജില്ലകളിലും ഇത്തരം വിഷയങ്ങൾ ഉണ്ടെന്നതും വസ്തുതയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഇതെല്ലാം പരിഹരിക്കണം..
ഡി.സി.സി പ്രസിഡന്റുമാരുടെ മാറ്രവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിർദ്ദേശ പ്രകാരം കെ.പി.സി.സി നേതൃത്വം ചർച്ചകൾ നടത്തി വരുകയാണ്. തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലൊഴികെ നേതൃമാറ്റം വേണമെന്നാണ് പൊതുധാരണ. വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ആഗസ്റ്റ് ഏഴിന് ശേഷം ഡി.സി.സി അദ്ധ്യക്ഷന്മാരുടെ പട്ടിക തയ്യാറാക്കൽ അന്തിമ ഘട്ടത്തിലേക്ക് കടക്കും.
രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുമായും മുതിർന്ന നേതാക്കളുമായും നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് കെ.പി.സി.സി അദ്ധ്യക്ഷനും പ്രതിപക്ഷ നേതാവും ചേർന്ന് അന്തിമ രൂപമാക്കി എ.ഐ.സി.സി നേതൃത്വത്തിന് സമർപ്പിക്കും. അവിടെയായിരിക്കും പ്രഖ്യാപനം. തിരുവനന്തപുരം ജില്ലയിൽ സംഘടനയ്ക്കുള്ളിലെ ചില അസ്വാരസ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് മുതിർന്ന നേതാക്കൾ സൂചന നൽകിയിരുന്നതാണ്. ഇതിന്റെ ഭാഗമായി നടത്തിയ സംഭാഷണം കൈവിട്ടു പോയതാണ് പാലോട് രവിക്ക് വിനയായത്.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ്:.....
എൻ. ശക്തന്
താത്കാലിക ചുമതല
ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: പാലോട് രവിയുടെ രാജിയെ തുടർന്ന് തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെ.പി.സി.സി വൈസ് പ്രസിഡന്റ് കൂടിയായ എൻ.ശക്തന് നൽകിയതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് എം.എൽ.എ അറിയിച്ചു. ശക്തൻ ഇന്നുച്ചയ്ക്ക് 12ന് ചുമതലയേൽക്കും.
സംഘടനയെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ ഫോൺ സംഭാഷണം ചാനൽവഴി പുറത്തുവന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയതോടെയാണ് പാലോട് രവി രാജിവച്ചത്.
തന്റെ ഫോൺ സംഭാഷണത്തെക്കുറിച്ച് പാലോട് രവി വിശദീകരണക്കുറിപ്പ് ഇറക്കിയെങ്കിലും കെ.പി.സി.സി പ്രസിഡന്റ് രാജി ആവശ്യപ്പെടുകയായിരുന്നു. എ.ഐ.സി.സി നേതൃത്വവും ഇതേ നിർദ്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് നൽകിയത്.
മുൻ മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും ജില്ലയിലെ മുതിർന്ന നേതാവുമെന്ന നിലയ്ക്കാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്റെ താത്കാലിക ചുമതല ശക്തന് നൽകിയത്.
പാലോട് രവിയുടെവാക്കുകളിൽ ജാഗ്രത
വേണമായിരുന്നു: സണ്ണി ജോസഫ്
കണ്ണൂർ: കോൺഗ്രസ് പാർട്ടിക്കു വേണ്ടി കൂടുതൽ സജീവമാകേണ്ടതിന്റെയും കൂടുതൽ ഐക്യം വേണ്ടതിന്റെയും ആവശ്യകത പ്രവർത്തകനെ പറഞ്ഞു മനസിലാക്കുകയാണ് പാലോട് രവി ചെയ്തതെന്നും എന്നാൽ വാക്കുകളിൽ ജാഗ്രത വേണമായിരുന്നെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് ചുമതലയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാലോട് രവി കത്ത് നൽകിയത് ദേശീയ, സംസ്ഥാന നേതൃത്വവുമായി ആലോചിച്ചാണ് സ്വീകരിച്ചത്.
കെ.പി.സി.സി ആവശ്യപ്പെട്ടിട്ടാണോ രവി കത്ത് നൽകിയതെന്ന ആവർത്തിച്ചുള്ള ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണമെന്നു പറഞ്ഞ് സണ്ണി ജോസഫ് ഒഴിഞ്ഞുമാറി.
പറഞ്ഞത് സംഘടന സംവിധാനം
ശക്തമാക്കാൻ: പാലോട് രവി
തിരുവനന്തപുരം: സംഘടന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി താൻ പറഞ്ഞ കാര്യങ്ങളുടെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പുറത്തുവിട്ടതാണ് വിവാദങ്ങൾക്ക് കാരണമായതെന്ന് ഡി.സി.സി അദ്ധ്യക്ഷസ്ഥാനം രാജിവച്ച പാലോട് രവി പറഞ്ഞു. ഇതുപോലുള്ള സന്ദേശങ്ങൾ ഫോണിലൂടെയും അല്ലാതെയും പലപ്പോഴും നൽകാറുള്ളതാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാജിയിലേക്ക് നയിച്ച വിവാദങ്ങളിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
യഥാർത്ഥത്തിൽ പ്രവർത്തകർക്ക് താക്കീത് നൽകുക മാത്രമാണ് ചെയ്തത്. ഇപ്പോഴത്തെ സർക്കാർ മാറണമെന്ന് ജനം ആഗ്രഹിക്കുന്നു. യു.ഡി.എഫ് തിരിച്ചുവരാൻ കഴിയുന്ന വിധത്തിലുള്ള പ്രവർത്തനം തുടരുകയാണ്. പാർട്ടിക്ക് അക്കാര്യത്തിൽ വലിയ ആത്മവിശ്വാസമുണ്ട്. വാർഡുകളിൽ ടീമായാണ് പ്രവർത്തിക്കുന്നത്. ഒരു പ്രവർത്തകനെ വിളിച്ചപ്പോൾ പരാതി പറഞ്ഞു. ഭിന്നതകൾ തീർക്കണമെന്നാണ് താൻ പറഞ്ഞത്.
തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽ എന്തായിരുന്നു സ്ഥിതി. അത് പരിഹരിക്കാൻ തയ്യാറായില്ലെങ്കിൽ പാർട്ടിയെ ബാധിക്കുമെന്നാണ് പറഞ്ഞത്. തന്റെ ഫോൺ സംഭാഷണത്തിലെ ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പാർട്ടി യോഗങ്ങളിലും ഇതാണ് പറയുന്നത്. തനിക്കെതിരെ ഗൂഢാലോചന നടത്തിയിട്ട് കാര്യമില്ല. ഒറ്റെക്കട്ടായി മുന്നോട്ട് പോകണമെന്നാണ് നൽകുന്ന നിർദ്ദേശം. വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച വിജയം കോർപ്പറേഷനിൽ നേടും. തന്റെ സംഭാഷണം പുറത്തുവിട്ട നടപടി, ചെയ്യാൻ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സതീശന്റേത് ദിവാസ്വപ്നം:
മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റുകൾ നേടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ അവകാശവാദത്തിൽ നിന്ന് ഒരു പൂജ്യം ഒഴിവാക്കേണ്ടി വരുമെന്ന് മന്ത്രി വി.ശിവൻകുട്ടി ആക്ഷേപിച്ചു. പാലോട് രവിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ പ്രതികരണം. ഡി.സി.സി പ്രസിഡന്റ് തലത്തിലുള്ള നേതാക്കൾ തന്നെ പാർട്ടിയുടെ അവസ്ഥയെക്കുറിച്ച് തുറന്നുപറയുമ്പോൾ, വി.ഡി.സതീശന്റെ അവകാശവാദങ്ങൾ ദിവാസ്വപ്നം മാത്രമാണ്. പ്രതിപക്ഷ നേതാവിന്റെ 100 സീറ്റ് പ്രവചനം കോൺഗ്രസിന്റെ ആത്മവിശ്വാസക്കുറവിനെ മറച്ചുവയ്ക്കാനുള്ള തന്ത്രം മാത്രമാണെന്നും കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |