തൃശൂർ:നിലമ്പൂർ ഡിപ്പോയിൽ നിന്ന് കോട്ടയത്തേക്ക് 30 യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് തീപിടിച്ചു. ഡ്രൈവറും കണ്ടക്‌ടറും സമയോചിതമായി പ്രവർത്തിക്കുകയും പെട്ടെന്ന് തീ അണയ്ക്കുകയും ചെയ്‌തതിനാൽ ആളപായം ഒഴിവായി.
സ്വിച്ച് ബോർഡും എൻജിന്റെ ഭാഗവും ഡ്രൈവറുടെ സീറ്റും കത്തി നശിച്ചു. ബാറ്ററിയിൽ നിന്ന് എൻജിനിലേക്കുള്ള വയറിലെ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
തൃശൂർ കോഴിക്കോട് പാതയിൽ മുതുവറ പുഴയ്ക്കലിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
എൻജിനിൽ നിന്ന് തീയും പുകയും പടർന്നപ്പോൾ ഡ്രൈവർ സജീവ് ബസ് നിർത്തി. കണ്ടക്ടർ നൗഷാദും ചേർന്ന് യാത്രക്കാരെ ഉടൻ പുറത്തിറക്കി. തൊട്ടടുത്ത പെട്രോൾ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. യാത്രക്കാരും പമ്പ് ജീവനക്കാരും നാട്ടുകാരും സഹായത്തിനെത്തി. തൃശൂരിൽ നിന്നെത്തിയ രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ തീ പൂർണമായി കെടുത്തി. ബാറ്ററി ഊരി മാറ്റി വെള്ളം പമ്പ് ചെയ്ത് ബസ് സുരക്ഷിതമാക്കി. യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു.
ഫയർ എക്സ്റ്റിംഗ്വിഷറുകൾ ഉളളതുകൊണ്ടാണ് പെട്ടെന്ന് തീയണയ്ക്കാൻ കഴിഞ്ഞതെന്നും വാഹനങ്ങളിൽ ഇത് നിർബന്ധമാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
സീനിയർ ഫയർ ഓഫീസർ എം.രാജൻ, ഡ്രൈവർമാരായ സുധീഷ് പി.എസ്, ബിനോദ്, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പ്രമോദ്, പ്രകാശൻ, സഭാപതി അനന്തു, ജിമോദ്, നവനീത് കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |