
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. എംസിറോഡിൽ വട്ടപ്പാറ വേറ്റിനാട്ടായിരുന്നു സംഭവം. ബസ് ഓടിച്ചുകൊണ്ടിരിക്കെ ഗിയർ മാറ്റുന്നതിനിടെ കൈയിൽ ചൂട് അനുഭവപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർ നടത്തിയ പരിശോധനയിലാണ് തീപിടിച്ചതായി മനസിലാക്കിയത്. ബസിലുണ്ടായിരുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉടൻതന്നെ ബസിലെ അഗ്നിരക്ഷാ ഉപകരണം ഉപയോഗിച്ച് തീകെടുത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്. എൻജിനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടായിരുന്നു അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ഏപ്രിലിൽ ആറ്റിങ്ങൽ മാമംപാലത്തിനടുത്തുവച്ച് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചിരുന്നു. കണ്ണൂർ-തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന സ്വിഫ്ട് ബസിനാണ് തീപിടിച്ചത്. ആദ്യം ടയറിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ യാത്രക്കാരെ മുഴുവൻ പുറത്തിക്കിയതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. ബസ് ഭാഗികമായി കത്തിനശിക്കുകയും ചെയ്തു. ഫയർഫോഴ്സ് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നെത്തിയ രണ്ട് ഫയർഎൻജിനുകൾ ഏറെനേരം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |