
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി വാങ്ങിയ വോൾവോ 9600 എസ്.എൽ.എക്സ് സീരീസിലെ പുതിയ ബസ് ഇന്നലെ തലസ്ഥാനത്ത് പരീക്ഷണയാത്ര നടത്തിയപ്പോൾ വളയം പിടിച്ചത് മന്ത്രി കെ.ബി.ഗണേശ്കുമാർ. വോൾവോ പുതുതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. 2002ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സിയാണ്.
ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ബസാണിത്. സുരക്ഷാ സംവിധാനങ്ങൾ ഗംഭീരമാണ്. ഒരു നിശ്ചിത ആംഗിളിനു മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിറുത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവറുടേത്. കുഴിയിലോ ഗട്ടറിലോ വീണാൽ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള സൗകര്യവും ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സംവിധാനങ്ങളും ഇതിലുണ്ട്. കെ.എസ്.ആർ.ടി.സി കഴിഞ്ഞ രണ്ട് വർഷം കൊണ്ട് കൈവരിച്ച നേട്ടങ്ങളും പരിഷ്‌കാരങ്ങളും വിശദീകരിക്കുന്ന ഒരു പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.
കെ.എസ്.ആർ.ടി.സി ഡ്രൈവർ എന്തു ചെയ്താലും കൺട്രോൾ റൂമിൽ കാണും
കെ.എസ്.ആർ.ടി.സി പുതിയതായി വാങ്ങിയ വോൾവോ 9600 എസ്.എൽ.എക്സ് സീരീസിലെ പുതിയ ബസിൽ ഡ്രൈവർ എന്തു ചെയ്താലും അത് കൺട്രോൾ റൂമിലെ സ്ക്രീനിൽ ലൈവായി തെളിയും. ആ രീതിയിലാണ് ക്യാമറ ഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവിംഗിനിടയിൽ ഡ്രൈവർമാർ ഉറങ്ങുന്നുണ്ടോ, ഉറക്കം വരാതിക്കാൻ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്നൊക്കെ അറിയാനാകും. ബസിനകത്ത് സുരക്ഷയ്ക്കായി വേറെയും ക്യാമറകളുണ്ട്.
ഇന്നലെ പരീക്ഷണയാത്രയ്ക്കിടയിൽ മന്ത്രി കെ.ബി.ഗണേശ്കുമാർ ഈ ബസ് ഓടിച്ചപ്പോൾ എല്ലാം ലൈവായി കാണാനുള്ള സംവിധാനം കൂടി ബോദ്ധ്യപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |