
തിരുവനന്തപുരം: നഷ്ടത്തിന്റെ കട്ടപ്പുറത്ത് നിന്ന് ലാഭത്തിന്റെ ട്രാക്കിലേക്കുള്ള കുതിപ്പിലാണ് കെഎസ്ആര്‍ടിസി. പലവിധ പരിഷ്‌കരണങ്ങളാണ് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നത്. അടുത്തിടെ മന്ത്രി പ്രഖ്യാപിച്ച യാത്രക്കാര്‍ക്കുള്ള സമ്മാനപ്പൊതിയുടെ വിതരണം ആരംഭിച്ചു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കിത്തുടങ്ങി. ശിശുദിനത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം കുറിച്ചത്.
ചോക്ലേറ്റ്, കളറിംഗ് ബുക്ക്, ക്രയോണ്‍സ് പാക്കറ്റ്, ബലൂണുകള്‍ ഫേഷ്യല്‍ ടിഷ്യു പേപ്പര്‍ എന്നിവ അടങ്ങിയതാണ് സമ്മാനപ്പൊതി. പത്തനംതിട്ട തിരുവല്ല വഴി കടന്നുപോകുന്ന ദീര്‍ഘദൂര സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് മില്ലെറ്റ് സ്നാക്‌സും നല്‍കിത്തുടങ്ങി. ജഗന്‍സ് മില്ലെറ്റ് ബാങ്കുമായി ചേര്‍ന്ന് രണ്ടുമാസത്തേക്കാണിത്. പുതുതായി ആരംഭിച്ച ദീര്‍ഘദൂര എസി ബസുകളിലാണ് (ട്രൈകളര്‍ ബസ്) സമ്മാനപ്പൊതിയും മില്ലെറ്റ് സ്നാക്സും.
മില്ലെറ്റുകള്‍ നിത്യജീവിതത്തില്‍ ശീലമാക്കാന്‍ പ്രേരിപ്പിക്കുന്നതിനും രുചി എല്ലാവരെയും പരിചയപ്പെടുത്തുന്നതിനുമാണ് പദ്ധതി ആരംഭിച്ചതെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കുള്ള കിറ്റ് നല്‍കുന്നതിലൂടെ അവരുടെ സൃഷ്ടിപരമായ ചിന്തകള്‍ പ്രോത്സാഹിപ്പിക്കാനും പുതിയ സംരംഭം ലക്ഷ്യമിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |