തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികാരണം ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ഇതുവരെ നൽകാനാകാതെ കെ.എസ്.ആർ.ടി.സി. കോർപ്പറേഷന്റെ പക്കലുള്ളത് ആകെ 10 കോടി രൂപ. ശമ്പളവിതരണത്തിന് വേണ്ടത് 100 കോടിയും. തത്കാലം 50 കോടി കടമെടുക്കാനാണ് നീക്കം. കഴിഞ്ഞമാസം സർക്കാർ നൽകിയതിൽ ശേഷിക്കുന്നതാണ് 10 കോടി. 50 കോടി ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. ഇതിൽ ഉടൻ തീരുമാനമായേക്കുമെന്ന പ്രതീക്ഷയിലാണ് 50 കോടി രൂപ ഓവർഡ്രാഫ്റ്റായും എടുക്കുന്നത്.
ഡീസൽ വില കൊടുക്കാതെ മൂന്നുദിവസത്തെ തുക മിച്ചംപിടിച്ചാൽ ശമ്പളത്തിനുള്ള വക കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. ഡീസൽവില വർദ്ധന കാരണം ദിവസവരുമാനത്തിൽ നിന്നും മിച്ചം പിടിക്കാൻ കഴിയാത്ത അവസ്ഥയാണ്. വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽവില വർദ്ധിപ്പിച്ചതിനാൽ ഇപ്പോൾ പൊതുവിപണി വിലയ്ക്കാണ് ഡീസൽ വാങ്ങുന്നത്. ഇനിയൊരു വർദ്ധന കൂടി ഉണ്ടായാൽ സാമ്പത്തിക നില കൂടുതൽ അവതാളത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |