റോഡിൽ ഒരു നിമിഷത്തെ ക്ഷമ നമ്മുടെ ആയുസ്സ്, നമ്മളെ കാത്തിരിക്കുന്നവരുടെ ചിരി ഒക്കെ ഒരുപാട് കാലം നിലനിർത്തിയേക്കും.ജൻസന്റെ വേർപാട് വല്ലാത്തൊരു വേദനയാണ്. ഒരുപക്ഷേ ചേട്ടാ മേല്ലെ പോകു ധൃതി കാണിക്കാതെ എന്നൊരു വാക്ക് ആ കാറിൽ കൂടെ ഉണ്ടായിരുന്ന ആ കുട്ടിയിൽ നിന്ന് വന്നിരുന്നെങ്കിൽ ഇന്നും അവർ ഒരുമിച്ചിരുന്നു സന്തോഷം പങ്കിടേണ്ടവരാണ്. അതുണ്ടായില്ല. സ്വയം അദ്ദേഹത്തിന് അത് തോന്നിയതുമില്ല. മലയാളികളുടെ ഒക്കെ നൊമ്പരം ആയി ആ അപകടം.
റോഡ് സുരക്ഷയിൽ 5 വാക്യങ്ങൾ മന്ത്രം പോലെ ഹൃദ്യസ്തമാക്കുക. വേഗത കൂട്ടുമ്പോൾ, തിരക്ക് കൂട്ടുമ്പോൾ അതൊന്നു ഓർക്കുക.
1) കാണുക : റോഡിൽ ഏതൊരു നിമിഷവും മുന്നിൽ ഉള്ളവ, ചുറ്റിലും ഉള്ളവ ഒക്കെ കണ്ടുകൊണ്ട്, തിരിച്ചറിഞ്ഞുകൊണ്ട് മാത്രം മുന്നോട്ട് സുരക്ഷിതമായി നീങ്ങാൻ ശീലിക്കുക.
2)കാണപ്പെടുക : നമ്മൾ റോഡിലെ കാഴ്ചകൾ, സാഹചര്യങ്ങൾ കണ്ടാൽ മാത്രം പോരാ. അപകടം ഒഴിവാകണമെങ്കിൽ നമ്മളെ മറ്റുള്ളവരും കാണാൻ ഇടവരുത്തേണ്ടതുണ്ട്. അപ്പോൾ മറ്റുള്ളവർക്കും നമ്മളെ കാണാനുള്ള അവസരം ഒരുക്കി മാത്രം റോഡ് ഉപയോഗിക്കുക.കാൽനടയാത്രികർ രാത്രി തിളക്കമുള്ള വസത്രം മാത്രം ധരിക്കുക.
3) സുരക്ഷിതമായ അകലത്തിൽ വെച്ച് പരസ്പരം കാണുകയും, കാണപ്പെടുകയും ചെയ്യാൻ ശ്രദ്ധിക്കുക.
തൊട്ടടുത്ത് വന്നു അപകട സാഹചര്യത്തെ കണ്ടിട്ട് കാര്യമില്ല. അപ്പോൾ വേണ്ടത് സുരക്ഷിതമായ അകലത്തിൽ വെച്ച് പരസ്പരം കാണുന്നതിനും, കാണപ്പെടുന്നതിനും വേണ്ട മുൻകരുതലുകൾ എടുത്തു സുരക്ഷിതമായി മുന്നോട്ട് പോകുന്നതിന് അവസരം ഒരുക്കുക എന്നുള്ളതാണ്. അതിനു അനുസരിച്ചു വേഗത ക്രമീകരിക്കുക.
4) മറഞ്ഞിരിക്കുന്ന അപകടങ്ങളെ മുൻകൂട്ടി കാണാൻ അവയെ പ്രതീക്ഷിക്കുക.
കണ്ണുകൾ കൊണ്ട് കാണും മുൻപേ തന്നെ അപകട സാദ്ധ്യതകളെ ഉൾക്കാഴ്ചയാൽ കണ്ടുകൊണ്ട് സുരക്ഷിതമായി പ്രതികരിച്ചാൽ വലിയ ആപ്ത്തുകൾ അകന്നു പോകും. ഒരു വളവിൽ ഓവർടേക്ക് ചെയ്യാൻ മനസ് വെമ്പുമ്പോൾ ഒരു നിമിഷം ആലോചിക്കുക നമ്മുടെ അതെ വെമ്പൽ പിടിച്ച മനസുമായി എതിർ വശത്തു നിന്നുകൂടി ഒരാൾ വേഗതയിൽ വരുന്നുണ്ട് എങ്കിൽ അപകടം ഉറപ്പാണെന്നു. ആ ഉൾക്കാഴ്ച നമ്മെ രക്ഷിക്കും.
5) വാഹനങ്ങൾ തമ്മിൽ നിയതമായ അകലം പാലിക്കുക.
ഇത് ഇന്നത്തെ കാലത്തു കൂടി വരുന്ന പിന്നിൽ നിന്നുള്ള കൂട്ടിയിടികളെ ഒഴിവാക്കാൻ ഉള്ള മന്ത്രമാണ്. തൊട്ട് മുൻപേ പോകുന്ന വാഹനം മുന്നിലുള്ള സാഹചര്യത്തെ അനുസരിച്ചു എപ്പോൾ വേണമെങ്കിലും ശക്തമായി ബ്രേക്ക് ചെയ്തു നിർത്തിയേക്കാം. ചിലപ്പോ ബ്രേക് ലൈറ്റ് പോലും ഉണ്ടായെന്നു വരില്ല. അപ്പോൾ പിന്നാലെ പോകുമ്പോൾ ഏതു സാഹചര്യത്തിലും ആ വാഹനം ബ്രേക്കിട്ടാൽ അത് തിരിച്ചറിഞ്ഞു സുരക്ഷിതമായി വാഹനം നിർത്താൻ കഴിയുന്ന വിധത്തിൽ വാഹനങ്ങൾ തമ്മിൽ ഉള്ള അകലം ക്രമീകരിച്ചു വേണം ഓടിക്കേണ്ടത് എന്നു സാരം.
ഇതിൽ 1,2,3 4 ഇവ നാലെണ്ണം അവഗണിച്ചപ്പോൾ ആ ഒരു അപകടം ജൻസനിൽ ജനിച്ചു. മഴയുള്ള സമയം, തിരക്കുള്ള റോഡ്, കാഴ്ച പരിമിതി നിലനിൽക്കുന്നു ഈ സാഹചര്യത്തിൽ സ്പീഡിൽ ഒരു ആംബുലൻസ് ഒരു വശത്തേക്ക് മറ്റു വണ്ടികളെ ഓവർറ്റേക്ക് ചെയ്തു പോകുന്നു. അതിന്റെ നിഴൽ പിടിച്ചു അതിനോടൊപ്പം വേഗതയിൽ പിറകെ വെച്ചുപിടിക്കുന്ന ജാൻസണിന്റെ കാർ മുഖാ മുഖം എതിരെ സാവധാനത്തിൽ ഓടി വന്ന ബസ്സിലേക്ക് ഏതാണ്ട് 45 - 50kmph വേഗതയിൽ വന്നിടിക്കുന്നു. തലയ്ക്കു ഗുരുതരമായി പരിക്കെറ്റ് ജനസൻ ആശുപത്രിയിൽ മരണപ്പെടുന്നു.ഒരു നിമിഷം എല്ലാം കഴിഞ്ഞു.
ഇതുപോലെ ഓടുന്ന ആംബുലൻസിനു പുറകിൽ വെപ്രാളപ്പെട്ട് അതി ബുദ്ദി കാണിച്ചു വാഹനം പറത്തുന്ന ഒരുപാട് പേരുണ്ട് നമുക്കിടയിൽ. ഓർക്കുക ആംബുലൻസിന്റെ സൈറൺ, ലൈറ്റ് ഇവ കണ്ടാൽ /കേട്ടാൽ ആ നിമിഷം തന്നെ നല്ലൊരു ശതമാനം ഡ്രൈവർമാരുടെയും ശ്രദ്ധ അതിലേക്കു പോകും. അതിനു വേണ്ട ക്ലിയറൻസ് ഒരുക്കും.. തൊട്ട് പുറകിൽ അതിനെ പിന്തുടർന്ന് അതി മിടുക്കന്മാർ വരുമെന്ന് ആളുകൾ ചിന്തിക്കുകയുമില്ല, ഓർത്താൽ തന്നെ ദേഷ്യം കൊണ്ട് അവർക്കായി വാഹനം ഒതുക്കുകയുമില്ല.ആംബുലൻസ് നിങ്ങളെ കടന്നു പോകുന്ന നിമിഷം ദൃതിയിൽ നിങ്ങൾ ഒതുക്കിയ വണ്ടി കൂടുതൽ ആക്സിലരേറ്റ് ചെയ്തു റോഡിലേക്ക് എടുക്കും. ആംബുലൻസിനു പുറകിൽ പാഞ്ഞെത്തിയവർക്ക് ഇടിയും കിട്ടും.
ആംബുലൻസിനു മുന്നിലും, പിന്നിലുമായി മിനിമം 50m ക്ലിയർ ഗാപ്പ് റോഡിൽ മറ്റുള്ള വാഹനങ്ങൾ നൽകിയിരിക്കണം എന്നുള്ളത് ആണ് നിയമം.ജനസൻ ആ ആംബുലസിനു പുറകെ പാഞ്ഞപ്പോൾ ഇല്ലാതായതു പ്രളയത്തിൽ ജീവിത ചിറകറ്റിട്ടും ചേർത്ത് പിടിച്ച ഒരു വലിയ ജീവിതത്തിന്റെ പ്രതീക്ഷകൾ ആണ്.
"ജീവനുവേണ്ടി പായുന്ന ആംബുലൻസിനു പുറകിൽ ജീവന് വിലയില്ലാതെ പായരുതേ" എന്നു മാത്രം പറഞ്ഞോട്ടെ. ഇത് ഞാൻ 2011ഇൽ കേരളം മുഴുവൻ സ്കൂളിലെ കുട്ടികളെ കൊണ്ട് റോഡ് സൈഡിൽ ഫുട്പത്തിൽ നിർത്തി പ്രദർശിപ്പിക്കാൻ എഴുതിയ വാചകങ്ങളിൽ ഒന്നാണ്.
ഇതിനേക്കാൾ കഷ്ടം ആണ് ഓവർറ്റേക്ക് ചെയ്യ്തുകൊണ്ട് ഇരിക്കുന്ന ksrtc ബസ്സിന് തൊട്ട് പുറകെ പിടിച്ചു അപകടകാരമായി ഓവർറ്റേക്ക് ചെയ്തു പോകാൻ വെമ്പുന്ന വേറെയൊരു കൂട്ടർ. വല്ലവന്റേം കണ്ണിനെ അമിതമായി വിശ്വസിച്ചു നമ്മൾ കാണാത്ത സ്ഥലത്തേക്ക് എതിരെ വണ്ടി ഉണ്ടാകില്ല എന്ന മനസോടെ വെപ്രാളപ്പെട്ട് ഓവർറ്റേക്ക് ചെയ്യാൻ നോക്കും. ഹെവി ബസ് മുൻവശം മറികടന്നു കഴിഞ്ഞ ഉടനെ ഏതു വാഹനത്തെ ആണോ ഓവർറ്റേക്ക് ചെയ്തുകൊണ്ട് ഇരിക്കുന്നത് അതിനെ ബോഡി ചേർത്തുകൊണ്ട് സൈഡ് ഒതുക്കി ചെറിയ ഗാപ്പ് മുതലാക്കി റിസ്ക്കോടെ ഓവർറ്റേക്ക് ചെയ്തു പോകുകയും ചെയ്യും തൊട്ടു പുറകിൽ ബസ് ഡ്രൈവറെ വിശ്വസിച്ചു ഓവർറ്റേക്ക് ചെയ്യാൻ ശ്രമിക്കുന്നവന് ഇടിയും കിട്ടും. ഡ്രൈവർ അല്പം അക്ഷമനായി ഓടിക്കുന്നത് കണ്ടാൽ കൂടെ യാത്ര ചെയ്യുന്നവർക്ക് ഉത്തരവാദിത്തം ഉണ്ട് അല്പം മെല്ലെ പോകാൻ പറയാൻ.
അൽപ്പം ക്ഷമ റോഡിൽ കാണിച്ചെന്നു വെച്ച് ദോഷം വരില്ല.. ഒരിക്കലും എത്താതെ ആയിപോകുന്നതിലും നല്ലത് അല്പം വൈകി ആയാലും സുരക്ഷിതമായി എത്തുന്നത് ആണെന്ന് എപ്പോളും മനസ്സിൽ, പ്രവർത്തിയിൽ ഉണ്ടാകട്ടെ.
സാമൂഹിക പ്രതിബദ്ധതയോടെ സുബിൻ
നാറ്റ്‌പാകിലെ ഹൈവേ ഡിവിഷനിൽ സീനിയർ സയന്റിസ്‌റ്റാണ് ലേഖകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |