തിരുവനന്തപുരം: ടിക്കറ്റേതരവരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മറ്റൊരു സംരംഭം കൂടി നടപ്പിലാക്കുകയാണെന്ന് കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC). കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാൽ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്ത സ്ഥലങ്ങൾ സിനിമ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കുവാൻ ദിവസവാടക അടിസ്ഥാനത്തിൽ നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ള കെഎസ്ആർടിസിക്ക്, വിവിധ സ്ഥലങ്ങളിൽ സിനിമാ സെറ്റുകൾക്ക് സ്ഥല സൗകര്യമൊരുക്കാനാകും.
നിലവിലെ സാഹചര്യത്തിൽ ഈഞ്ചക്കൽ, പാറശ്ശാല, റീജിയണൽ വർക്ക് ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജിയണൽ വർക്ക് ഷോപ്പ് എടപ്പാൾ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
കെഎസ്ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജനസമ്പർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്ആർടിസി പ്രയോജനപ്പെടുത്തുന്നത്. KSRTC-യുടെ നിത്യ സേവനങ്ങൾക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുക.
സിനിമാ കമ്പനികൾക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും KSRTC-യുടെ ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങൾ ഉടൻ അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് KSRTC യുമായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ: 0471 2471011 (Ext-232), +91 94959 03813, +91 9995707131
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |