കോഴിക്കോട്: ഇൻഷ്വറൻസില്ലാത്ത കെ.എസ്.ആർ.ടി.സി ബസിടിച്ച് പരിക്കേറ്റ സ്‌കൂട്ടർ യാത്രികന് നഷ്ടപരിഹാരമായി എട്ടര ലക്ഷം കെ.എസ്.ആർ.ടി.സി പിഴയടക്കണമെന്ന് കോടതി. കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്സിഡൻസ് ക്ലെയിംസ് ട്രിബ്യൂണലിന്റേതാണ് വിധി. 2021 ജനുവരി 19ന് എരഞ്ഞിപ്പാലത്തുവച്ച് കെ.എൽ 15 എ 410 നമ്പർ കെ.എസ്.ആർ.ടി.സി ബസ് പരാതിക്കാരനായ പി.പി. റാഹിദ് മൊയ്തീൻ അലി (27) സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ബസ് ഡ്രൈവർ എം.പി.ശ്രീനിവാസൻ (46),കേരള സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ,നാഷനൽ ഇൻഷ്വറൻസ് കമ്പനി എന്നിവർക്കെതിരെ റാഹിദ് കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്സിഡൻസ് ക്ലെയിംസ് ട്രിബ്യൂണലിൽ കേസ് ഫയൽ ചെയ്തത്. അപകട ദിവസം കെ.എസ്.ആർ.ടി.സി ബസിന് ഇൻഷ്വറൻസ് ഇല്ലായിരുന്നുവെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പലിശയടക്കം 8,44,007 രൂപ ബസ് ഓടിച്ച ഡ്രൈവറും, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറും ചേർന്ന് നൽകണമെന്ന് കോഴിക്കോട് പ്രിൻസിപ്പൽ മോട്ടോർ ആക്സിഡൻസ് ക്ലെയിംസ് ട്രിബൂണൽ ജഡ്ജ് കെ.രാജേഷ് ഉത്തരവിട്ടത്. പരുക്കേറ്റ റാഹിദിന് വേണ്ടി അഡ്വ. എം.മുഹമ്മദ് ഫിർദൗസ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |