'സൗജന്യ യാത്ര കെഎസ്‌ആർടിസിക്ക് അധിക ബാദ്ധ്യതയാകും, ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകുമെന്ന് സർക്കാർ വ്യക്തമാക്കണം'

Tuesday 19 May 2026 12:34 PM IST

തിരുവനന്തപുരം: സ്‌ത്രീകളുടെ സൗജന്യ യാത്ര കെഎസ്‌ആർടിസിക്ക് അധിക ബാദ്ധ്യത വരുത്തുമെന്ന് മുൻ മന്ത്രിയും എൽഡിഎഫ് കൺവീനറുമായ ടി പി രാമകൃഷ്‌ണൻ. വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'സ്‌ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിനോട് എൽഡിഎഫിന് യോജിപ്പാണ്. പക്ഷേ, വരുമാനത്തിലെ കുറവ് എങ്ങനെ പരിഹരിക്കുമെന്നും ശമ്പളം കൃത്യമായി നൽകുന്നതിലും ഉറപ്പുവരുത്തണം. ആശാവർക്കർമാർക്ക് യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത 21,000 രൂപ നൽകണം. 3,000 രൂപ വർദ്ധിപ്പിച്ചത് സ്വാഗതാർഹമാണ്.

സിപിഎമ്മിൽ ഇപ്പോൾ നേതൃമാറ്റത്തിന്റെ ആവശ്യമില്ല. മാത്രമല്ല, എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നുപോയ സിപിഎം ശക്തമായി തിരിച്ചുവന്നതാണ്. തോൽവി സംബന്ധിച്ച കാര്യങ്ങളിൽ പരിശോധന പൂർത്തിയായ ശേഷം നിലപാടറിയിക്കും. ജില്ലാ കമ്മിറ്റികളിലെ ചർച്ചകൾ സംബന്ധിച്ച ആരോപണങ്ങൾ മാദ്ധ്യമങ്ങൾ ഊതിപ്പെരുപ്പിച്ചതാണ്. പിശക് പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും' - ടി പി രാമകൃഷ്‌ണൻ പറഞ്ഞു.