കോഴിക്കോട് കൂടരഞ്ഞിയിൽ മിന്നലേറ്റ് ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും മിന്നലിലും വ്യാപകനാശം. കൂടരഞ്ഞിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. കൂടരഞ്ഞി കൂമ്പാറമുണ്ടുമല ഇളംപുള്ളിയിൽ ജെയ്‌സൺ ആണ് മരിച്ചത്. വൈകിട്ടോടെയാണ് കോഴിക്കോട്ടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും ഉണ്ടായത്. താമരശേരിയിലും നാലുപേർക്ക് മിന്നലേറ്റു. പുതുപ്പാടിയിൽ വീടിനകത്ത് നിൽക്കുമ്പോഴാണ് ഇവർക്ക് മിന്നലേറ്റത്. പരിക്കേറ്റവരെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം അടുത്ത 3 മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
നാളെ മുതൽ 21 വരെ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്നുള്ള കന്യാകുമാരി പ്രദേശം, തെക്കൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന മദ്ധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ മേഖലയിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും മുന്നറിയിപ്പുണ്ട്.