ജോലി കഠിനം, ശമ്പളം കുറവ്; നാട് വിടാൻ ജൂനി. ഡോക്ടർമാർ, 70% പേരും കുടിയേറാൻ ആഗ്രഹിക്കുന്നുവെന്ന് ഐ.എം.എ സർവേ

Monday 18 May 2026 12:00 AM IST

കൊച്ചി: കുറഞ്ഞ ശമ്പളവും കഠിനമായ തൊഴിൽ സാഹചര്യങ്ങളും കാരണം യുവ ഡോക്ടർമാർക്ക് കേരളത്തിൽ ജോലി ചെയ്യാൻ താത്പര്യമില്ല. 70 ശതമാനവും അന്യസംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ കുടിയേറുന്നുവെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമിതിയുടെ റിപ്പോർട്ട്. 58.7 ശതമാനം പേരുടെയും ലക്ഷ്യം വിദേശരാജ്യങ്ങളാണ്.

4000ൽപരം ഡോക്ടർമാർ ഓൺലൈൻ സർവേയിൽ പങ്കെടുത്തു. നാഷണൽ കൺവീനറും ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുൽഫി നൂഹു ചെയർമാനായ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. യുവഡോക്ടർമാർക്ക് ശരാശരി 30,000 രൂപയിൽ താഴെ മാത്രമാണ് ശമ്പളമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2. 81 ശതമാനത്തിനും നിർബന്ധിത സർവീസ് ബോണ്ടാണ്. വിദേശപഠനം പൂർത്തിയാക്കി എത്തുന്നവർക്ക് സ്റ്റൈപ്പൻഡുമില്ല. പി.ജി റെസിഡന്റുമാർക്ക് സ്റ്റൈപ്പൻഡ് കൃത്യമല്ല. ഹൗസ് സർജൻസിക്ക് ശേഷവും സ്പെഷ്യലിസ്റ്റ്,സൂപ്പർ സ്പെഷ്യലിസ്റ്റ് തസ്തികകളിലുള്ളവർക്കും അർഹമായ വേതനമില്ലെന്നും പല ആശുപത്രികളിലും ശമ്പളം കൃത്യമല്ലെന്നും തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ശമ്പളം 80,000

രൂപയാക്കണം

 മിനിമം ശമ്പളമായി 80,000 രൂപയാക്കണം

 ആഴ്ചയിൽ പരമാവധി 48 മണിക്കൂർ ഡ്യൂട്ടി. അധിക ഡ്യൂട്ടിക്ക് കൂടുതൽ വേതനം

 കൃത്യമായ ശമ്പളവും വാർഷിക ശമ്പള വർദ്ധനവും വേണം

 രേഖാമൂലമുള്ള നിയമന വ്യവസ്ഥകളുണ്ടായിരിക്കണം

 ഡോക്ടർമാർക്ക് സുരക്ഷിതമായ തൊഴിൽ സാഹചര്യം

കേരളത്തിലെ ജൂനിയർ ഡോക്ടർമാർ നേരിടുന്ന തൊഴിലില്ലായ്മയിലും തുച്ഛമായ ശമ്പളത്തിലും ഉത്ക്കണ്ഠയുണ്ട്. സംസ്ഥാനത്തെ മെഡിക്കൽ മേഖലയിലെ ദയനീയ സാഹചര്യമാണ് ഈ റിപ്പോർട്ട്.

-ഡോ. എം.എൻ. മേനോൻ,

സംസ്ഥാന പ്രസിഡന്റ്,

ഐ.എം.എ