ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ഒന്നാം സമ്മാനമടിച്ചത്. നെട്ടൂരിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. നെട്ടൂർ നിപ്പോൺ പെയിന്റ്സിലെ ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി.
ആദ്യമായാണ് ഓണം ബമ്പർ എടുക്കുന്നതെന്നും അപ്രതീക്ഷിതമായാണ് തനിക്ക് ഭാഗ്യം ലഭിച്ചതെന്നും ശരത് പ്രതികരിച്ചു. ആദ്യം ഫലം വന്നപ്പോൾ വിശ്വസിക്കാൻ സാധിച്ചില്ല. വീട്ടിൽ എത്തി വീണ്ടും പരിശോധിച്ചാണ് ഉറപ്പുവരുത്തിയത്. ഒരു ടിക്കറ്റ് മാത്രമാണ് എടുത്തത്. ഏജന്റിന് തന്നെ മനസിലായില്ലെന്നാണ് കരുതുന്നതെന്നും ശരത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
നെട്ടൂരിലെ ലോട്ടറി ഏജന്റ് എംടി ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങി വിറ്റത്. നികുതിയും കമ്മിഷനും കിഴിച്ച് ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയിൽ 2.5 കോടി ഏജൻസി കമ്മിഷനാണ്. കേന്ദ്രസർക്കാരിന് 6.75 കോടി ആദായനികുതി നൽകണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി കിട്ടും. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി കിട്ടുക. മറ്റ് സമ്മാനങ്ങൾക്കുള്ള നികുതിയായി 15 കോടിയും കിട്ടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |