
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണവും സാക്ഷിവിസ്‌താരവും നടന്ന സമയത്ത് അതിജീവിതയ്‌ക്കൊപ്പം നിന്ന രണ്ടുപേർ ഡിസംബർ 12ന് അന്തിമവിധി കേൾക്കാനില്ല. പിടി തോമസ് എംഎൽഎയും സംവിധായകൻ ബാലചന്ദ്രകുമാറുമാണ് ആ രണ്ടുപേർ.
നടനും സംവിധായകനുമായ ലാലിന്റെ ഉടമസ്ഥതയിലുള്ള ലാൽ മീഡിയയിൽ സിനിമയുടെ ഡബ്ബിംഗ് ആവശ്യത്തിനായി തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് വരും വഴിയാണ് നടിക്ക് നേരെ ആക്രമണമുണ്ടായത്. ശേഷം അന്ന് രാത്രി സഹായം ചോദിച്ച് നടി എത്തിയതും ലാലിന്റെ വീട്ടിലാണ്. ലാൽ ഉടൻതന്നെ നിർമാതാവ് ആന്റോ ജോസഫിനെ വിവരമറിയിച്ചു.
നിയമനടപടികളെക്കുറിച്ച് കൂടുതൽ അറിയിനായി ആന്റോ ജോസഫ് ഇക്കാര്യം പി ടി തോമസിനോട് പറഞ്ഞു. പി ടി തോമസും ആന്റോ ജോസഫും ലാലിന്റെ വീട്ടിലെത്തി. അതിജീവിതയോട് വിവരം ചോദിച്ചറിഞ്ഞ പി ടി അന്നത്തെ എറണാകുളം റേഞ്ച് ഐജി പി വിജയനെയും സിറ്റി പൊലീസ് കമ്മീഷണർ എം പി ദിനേശിനെയും ഫോണിൽ വിളിച്ച് വിവരമറിയിച്ചു. അതിജീവിതയുടെ മൊഴി രേഖപ്പെടുത്താൻ വനിത പൊലീസ് ഉദ്യോഗസ്ഥയെ അയക്കാനും ആവശ്യപ്പെട്ടു.
പി ടി തോമസ് ഇടപെട്ടതോടെ കേസിന്റെ ഗതി തന്നെ മാറി. ഇതിനിടെ സിനിമാ മേഖലയിലെ ചിലർ നടിയെ വിളിച്ചും നേരിട്ടും കണ്ട് കേസ് നൽകരുതെന്ന് പറഞ്ഞപ്പോൾ പി ടി തോമസ് അതിനെ ശക്തമായി എതിർത്തു. 'ജീവനോടെയുള്ളതുവരെ ഞാൻ മോൾക്കൊപ്പം ഉണ്ടാകും, ധീരമായി പോരാടണം. രാത്രി ഒമ്പത് മണിക്കാണ് എറണാകുളം നഗരത്തിൽ മോളെപ്പോലെ ഒരാൾക്കുനേരെ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത്. അപ്പോൾ നമ്മുടെ സാധാരണ പെൺകുട്ടികളുടെ അവസ്ഥ ആലോചിച്ചിട്ടുണ്ടോ? ഏതറ്റം വരെ പോകാനും ഞാൻ ഒപ്പമുണ്ടാകും' - എന്നാണ് പി ടി തോമസ് അന്ന് അതിജീവിതയോട് പറഞ്ഞത്.
പിന്നീട് കേസിലെ കുറ്റകൃത്യം നടന്നതിന് തെളിവുണ്ടെങ്കിലും ഗൂഢാലോചനയ്‌ക്ക് ശക്തമായ തെളിവുകൾ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. വിചാരണ പാതിവഴി പിന്നിട്ടപ്പോഴാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഇത് ദിലീപിനും കൂട്ടർക്കും എതിരായിരുന്നു. ഇതോടെ സാക്ഷിവിസ്‌താരം നിർത്തിവച്ച് തുടരന്വേഷണം നടത്താൻ വിചാരണക്കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ജി ശരത്തിനെ 13-ാം പ്രതിയാക്കി കുറ്റപത്രം പുതുക്കി വിസ്‌താരം പുനഃരാരംഭിച്ചത്. പക്ഷേ, വിചാരണ പൂർത്തിയാകും മുമ്പ് ബാലചന്ദ്രകുമാർ ലോകത്തോട് വിടപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |