
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അൽപം മുൻപാണ് വന്നത്. കേസിൽ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരനാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വിധി വരുമ്പോഴും പ്രോസിക്യൂഷൻ ചോദിച്ച ചോദ്യം ഇപ്പോഴും ബാക്കിയാകുന്നു. ഒന്നാം പ്രതിയായ പൾസർ സുനി ആർക്കുവേണ്ടിയാണ് ഇത് ചെയ്തത്?.
ഒന്നുമുതൽ ആറ് വരെയുള്ള പ്രതികളും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഇവർ എന്തിനാണ് നടിയെ ആക്രമിച്ചത്? ഇവർക്ക് നടിയുമായി എന്താണ് ബന്ധം? നടിയെ മാത്രം എന്തിന് ലക്ഷ്യം വച്ചു? ആർക്കുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചത്? ഇങ്ങനെയുള്ള നിരവധി ചോദ്യങ്ങൾക്കും വിധി വന്നശേഷവും ഉത്തരമില്ലെന്നാണ് പൊതുസമൂഹം പറയുന്നത്. ഈ വിധി സംസ്ഥാനത്ത് വലിയ ചർച്ചകൾക്ക് വഴിവയ്ക്കുമെന്നതിൽ സംശയമില്ല. വിധി കേട്ടശേഷം കോടതിയിൽ നിന്ന് പുറത്തുവന്ന ദിലീപിനെ ആരവങ്ങളോടെയാണ് ആരാധകർ വരവേറ്റത്. കോടതിയ്ക്ക് മുന്നിൽ ലഡു വിതരണവും ആരാധകർ നടത്തിയിരുന്നു.
ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ എട്ടരവർഷത്തിനുശേഷമാണ് വിധിവരുന്നത്. ദിലീപുൾപ്പെടെ കേസിൽ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്. പൾസർ സുനി ഒന്നാംപ്രതി. മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം (വടിവാൾ സലിം), പ്രദീപ്, ചാർളി തോമസ് എന്നിവരാണ് രണ്ടു മുതൽ ഏഴു വരെയുള്ള പ്രതികൾ. നടൻ ദിലീപ് എട്ടാം പ്രതിയും സനിൽകുമാർ (മേസ്തിരി സനിൽ) ഒമ്പതാം പ്രതിയുമായിരുന്നു.
ഏഴാം പ്രതി ചാർലി, ദിലീപ്, സുഹൃത്ത് ശരത്ത് ഉൾപ്പെടെയുള്ള പ്രതികളെ വെറുതേവിട്ടു. ദിലീപിനെതിരെ ഗൂഢാലോചനയ്‌ക്കും തെളിവ് നശിപ്പിക്കലിനും തെളിവിലെന്ന് കോടതി പറഞ്ഞു.
ബലാത്സംഗം, ഗൂഢാലോചന, മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ബലപ്രയോഗം, അന്യായ തടങ്കൽ, തെളിവുനശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. തെളിവുനശിപ്പിക്കലിന് കൂട്ടുനിന്ന ദിലീപിന്റെ സുഹൃത്ത് ജി ശരത്ത് പത്താം പ്രതിയാണ്. 2017 ഫെബ്രുവരി 17ന് അങ്കമാലിക്കും കളമശേരിക്കും ഇടയിലാണ് ഓടിക്കൊണ്ടിരിക്കുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |