നെല്ല് സംഭരണം: കർഷകരുടെ കുടിശിക കൊടുത്തു തീർക്കും
തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനുള്ള കുടിശിക സമയബന്ധിതമായി കൊടുത്തു തീർക്കാൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രതിനിധികൾ ഉൾപ്പെട്ട ഉന്നതതലയോഗം തീരുമാനിച്ചു. സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിച്ച് പണം നൽകുന്ന മുൻ സർക്കാരിന്റെ പദ്ധതി ഉപേക്ഷിക്കാനും തീരുമാനം. പാലക്കാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിയാണിത്.
നെല്ല് സംഭരണത്തിന് പി.ആർ.എസ് വായ്പ നൽകുന്ന കാനറ, എസ്.ബി.ഐ ബാങ്ക് കൺസോർഷ്യത്തിന്റെ കാലാവധി നീട്ടാനും തീരുമാനിച്ചു. സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് ലഭ്യമാക്കുന്നതിലെ കാലതാമസം മറികടക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ബാങ്കുകൾക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി.
നെല്ല് സംഭരിച്ച വകയിൽ 700 കോടിയോളം രൂപയുടെ കുടിശികയാണ് കർഷകർക്ക് നൽകാനുള്ളത്. പാലക്കാട് ജില്ലയിൽ മാത്രം 400 കോടി നൽകാനുണ്ട്. സർക്കാരിന്റെ വാക്ക് വിശ്വസിച്ച് നെൽ കൃഷിയുമായി മുന്നോട്ടു പോയ കർഷകർ പ്രതിസന്ധിയിലായെന്ന് മേയ് നാലിന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് ബാങ്കുകൾ പി.ആർ.എസ് വായ്പ നിഷേധിച്ചിരുന്നു. ഇതോടെ 73,062 കർഷകരാണ് കടക്കെണിയിലായത്.
നിയമസഭയിൽ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ കൃഷിമന്ത്രി ടി.സിദ്ദിഖ്, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, സഹകരണമന്ത്രി എം.ലിജു, ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, തുടങ്ങിയവർ പങ്കെടുത്തു.
ഉപേക്ഷിച്ച പദ്ധതി
കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന, സഹകരണ സംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണ പദ്ധതി വിജയിച്ചാൽ കർഷകർക്ക് ആശ്വാസമാകുമായിരുന്നു. പ്രാഥമിക സംഘങ്ങൾ നെല്ലുസംഭരിക്കുകയും ഇത് പുതുതായി രൂപവത്കരിക്കുന്ന നോഡൽ സംഘങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു പദ്ധതി. അവ നെല്ല് സംസ്കരിച്ച് അരിയാക്കി വിപണിയിൽ എത്തിക്കുകയോ റേഷൻ സംവിധാനത്തിലേക്ക് കൊടുക്കുകയോ ചെയ്യും. നോഡൽ സംഘങ്ങൾക്കുള്ള സാമ്പത്തിക സഹായം കേരളാ ബാങ്ക് വായ്പയായി കൊടുക്കും. അരി വിറ്റുകിട്ടുന്ന പണത്തിൽനിന്ന് കടം വീട്ടും. തവിട്, തവിടെണ്ണ, ഉമി തുടങ്ങിയ ഉപോത്പന്നങ്ങൾവഴി ലഭിക്കുന്ന തുക സംഘത്തിനു വരുമാനമാകും.