മലപ്പുറം: നിപ വൈറസ് വീണ്ടും സ്ഥിരീകരിച്ചതോടെ പ്രതിരോധത്തിനായി സംസ്ഥാനം അതിജാഗ്രതയിൽ. വൈറസ് ബാധിച്ചാൽ നാല് മുതൽ 14 ദിവസത്തിനുള്ളിലേ രോഗലക്ഷണം പ്രകടമാകൂ. ചിലപ്പോൾ 21 ദിവസം വരെയാകും. രക്തം, മൂത്രം, തൊണ്ടയിലെ സ്രവം, നട്ടെല്ലിൽ നിന്ന് കുത്തിയെടുക്കുന്ന ഫ്ളൂയിഡ് എന്നിവയാണ് പരിശോധിക്കുന്നത്. കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. പ്രാഥമിക ഫലത്തിന് അഞ്ച് മണിക്കൂറെടുക്കും. ഔദ്യോഗിക സ്ഥിരീകരണത്തിന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലയയ്ക്കണം. 24 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്ന് മലപ്പുറം ഡി.എം.ഒ ആർ. രേണുക പറഞ്ഞു.
പനിയോട് കൂടിയ ശരീരവേദന, തലവേദന, തലകറക്കം എന്നിവയാണ് പ്രഥമ ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദ്ദി, ക്ഷീണം, കാഴ്ച മങ്ങൽ എന്നിവയും അപൂർവമായി കണ്ടേക്കാം. രോഗം മുർച്ഛിക്കുന്നതിനനുസരിച്ച് സ്ഥലകാല ബോധമില്ലായ്മ, മാനസിക വിഭ്രാന്തി, അപസ്മാരം, ബോധക്ഷയം, ശ്വാസതടസം എന്നിവയുണ്ടാവും. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസിനും സാദ്ധ്യതയുണ്ട്. ശ്വാസകോശത്തേയും ബാധിക്കാം.
പ്രാരംഭത്തിൽ വൈറൽ പനിക്ക് സമാന ലക്ഷണങ്ങളായതിനാൽ പലപ്പോഴും കൃത്യസമയത്ത് രോഗം കണ്ടെത്താനാകില്ല. ഒടുവിൽ നിപ സ്ഥിരീകരിച്ച വളാഞ്ചേരിയിലെ 42കാരി പനിയാണെന്ന് കരുതി ആറ് ദിവസം സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടി. ഏഴാം ദിവസമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവാലിയിലെ 24കാരന്റെ മരണശേഷമാണ് രോഗം തിരിച്ചറിഞ്ഞത്. രോഗാവസ്ഥ പ്രകടിപ്പിച്ച് ഒന്ന്, രണ്ട് ദിവസങ്ങൾക്കുള്ളിൽ കോമാവസ്ഥയിലുമെത്തിയേക്കാം. തുടക്കത്തിൽ തിരിച്ചറിഞ്ഞ് മോണോക്ലോണൽ ആന്റീബോഡികളുൾപ്പെടെയുള്ള പ്രതിരോധ മരുന്നുകൾ നൽകിയില്ലെങ്കിൽ മരണസാദ്ധ്യത കൂടുതലാണ്. രോഗബാധിതരിൽ 70 മുതൽ 90 ശതമാനം വരെ മരണ സാദ്ധ്യതയുണ്ട്.
കടിയേറ്റ പഴങ്ങൾ കഴിക്കരുത്
പക്ഷി-മൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറലുള്ളതുമായ പഴങ്ങളും പച്ചക്കറിയും കഴിക്കരുത്
മൂടിവയ്‌ക്കാത്ത കലങ്ങളിലെ കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക.
ജല സ്രോതസുകൾ വവാലിന്റെ കാഷ്ടം, മൂത്രം, ശരീരശ്രവങ്ങൾ എന്നിവ വീഴാതെ സൂക്ഷിക്കുക.
ഉപേക്ഷിച്ച കിണറുകളടക്കമുള്ള വവ്വാലുകളുടെ ആവാസ-വിഹാര കേന്ദ്രങ്ങളിൽ പോകരുത്
വവ്വാലുകളുടെ ഉയർന്ന സാന്നിദ്ധ്യമുള്ള മേഖലകളിൽ കന്നുകാലി ഫാം നടത്തരുത്. ഇവിടെ കന്നുകാലികളെ മേയാൻ വിടരുത്.
വവ്വാലുകളുപേക്ഷിക്കാൻ സാദ്ധ്യതയുള്ള പഴങ്ങൾ സ്പർശിക്കരുത്. വളർത്തുമൃഗങ്ങൾക്കും നൽകരുത്.
പഴങ്ങളുമായി സമ്പർക്കമുണ്ടായാൽ കൈ സോപ്പിട്ട് കഴുകണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |